ചണ്ഡീഗഡ്:പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഹരിയാന സ്വദേശിയായ വിക്രം ധില്ലനാണ് ടവറില്‍ കയറി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ചണ്ഡീഗഡ് സെക്‌ടര്‍ 17ലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടവറിലാണ് യുവാവ് കയറിയത്.
ഇന്ന് (ജൂണ്‍ 11) രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരെങ്കിലും മകളിലേക്ക് കയറിയാല്‍ താന്‍ താഴേക്ക് ചാടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലീസ് ശ്രമിച്ചു.
യുവാവിനോട് പൊലീസ് വിവരം തിരക്കിയപ്പോഴാണ് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നീതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യം പറയണമെന്നും വിക്രം ധില്ലന്‍ പറഞ്ഞു. ഏറെ നേരം ടവറില്‍ ഇരുന്നതിന് ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അവസരമൊരുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെ യുവാവ് താഴെയിറങ്ങാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് യുവാവിനെ താഴെയിറക്കി.