കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതി ജഡ്‌ജി സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്ന് അഭിജിത് ഗംഗോപാധ്യായ (Will oust Trinamool Congress from Bengal: Abhijit Gangopadhyay after joining BJP). ജഡ്‌ജി സ്ഥാനം രാജിവച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബിജെപിയിൽ ചേരുകയായിരുന്നു ഗംഗോപാധ്യായ. ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന പാർട്ടി ഓഫീസിൽ വച്ച് വനിതാ പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി.
ചടങ്ങിൽ വച്ച് ബംഗാൾ ബിജെപി പ്രസിഡൻ്റ് സുകാന്ത മജുംദാർ അദ്ദേഹത്തിന് പാർട്ടി പതാക കൈമാറി. ബിജെപി നേതാക്കളായ സജൽ ഘോഷ്, എംഎൽഎ അഗ്നിമിത്ര പോളിനോടുമൊപ്പമാണ് അഭിജിത് ഗംഗോപാധ്യായ പാർട്ടി ഓഫീസിലേക്ക് എത്തിയത്.
"ഞാൻ ഇന്ന് ബിജെപിയിൽ ചേരാൻ പോകുന്നു, അതിൽ ഞാൻ ആഹ്ലാദിക്കുന്നു. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. പാർട്ടി എന്നെ ഏൽപ്പിക്കുന്ന എന്ത് ചുമതലയും ഉത്തരവാദിത്തവും ആത്മാർത്ഥതയോടെ ഞാൻ നിർവഹിക്കും. ഞാൻ പാർട്ടിയുടെ വിശ്വസ്‌തനായ ഒരു സൈനികനായിരിക്കും" എന്നായിരുന്നു ബിജെപി അംഗത്വം സ്വീകരിക്കാൻ പോകുന്നതിനു മുൻപായി ഗംഗോപാധ്യായയുടെ പ്രതികരണം.