ന്യൂഡൽഹി : അതിനാടകീയ രംഗങ്ങൾക്കൊണ്ട് എപ്പോഴും കലുഷിതമായ ഡൽഹി രാഷ്ട്രീയത്തിൽ ഇന്ന് നടന്ന അപ്രതീക്ഷിത വഴിത്തിരിവായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി പ്രഖ്യാപനം. 177 ദിവസത്തെ തിഹാർ ജയിൽ ജീവിതത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ച ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ തന്‍റെ പാർട്ടി പ്രവർത്തകരെ ആദ്യമായി അഭിസംബോധന ചെയ്യവെയായിരുന്നു നിർണായക പ്രഖ്യാപനം.
മദ്യനയ അഴിമതി കേസിലെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള ഈ രാജിയെ രാഷ്ട്രീയ നാടകമെന്നും സഹതാപം ഏറ്റെടുക്കാനുള്ള ശ്രമമെന്നുമൊക്കെ പ്രതിപക്ഷം തള്ളി പറയുമ്പോഴും പുതിയ കരുനീക്കങ്ങൾ ഡൽഹിയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കെജ്‌രിവാളിനെ പോലെ ദേശീയ രാഷ്‌ട്രീയത്തിലെ തന്നെ പ്രതിപക്ഷ നിരയിലെ കരുത്തുറ്റൊരു നേതാവ് കളമൊഴിയുമ്പോൾ തലസ്ഥാന നഗരിയുടെ അധികാര കസേരയിൽ അടുത്തതാര് എന്നതാണ് ഇപ്പോള്‍ ഉയരുന്ന സുപ്രധാന ചോദ്യം.
പകരക്കാരനാകാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി പദം ഏറ്റെടുക്കില്ലെന്ന് കെജ്‌രിവാൾ തന്നെ വ്യക്തമാക്കിയതോടെ മറ്റു മൂന്ന് പേരുകളാണ് പ്രധാനമായും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ, മന്ത്രി അതിഷി മർലേന, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകളാണത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പല തവണ ഉയർന്ന കേട്ടിരുന്ന പേരായിരുന്നു സുനിത കെജ്‌രിവാളിന്‍റേത്. പടിയിറങ്ങുമ്പോൾ സ്വന്തം കുടുംബത്തിലേക്ക് തന്നെ അധികാര കൈമാറ്റം നടത്തുന്ന ഈ പതിവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുത്തരിയുമല്ല. ബിഹാറിൽ ലാലു പ്രസാദ്, ജാർഖണ്ഡിൽ ഷിബു സോറൻ, ഉത്തർപ്രദേശിൽ മുലായം സിങ് യാദവ് എന്നിങ്ങനെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ശേഷം അധികാരം കുടുംബത്തിലേക്ക് തന്നെ കൈമാറിയ ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
Also Read:കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം രാഷ്ട്രീയ നാടകം; കെജ്‌രിവാളിനെയും എഎപിയെയും കടന്നാക്രമിച്ച് ബിജെപി നേതാക്കള്‍
എന്നാൽ ഈ പാത പിന്തുടന്ന് സുനിതയെ ഈ നിർണായക ഘട്ടത്തിൽ രാഷ്ട്രീയ ഗോദയിലേക്കിറക്കിയാൽ രാജി വെറും പ്രഹസനമായിരുന്നെന്നും പാർട്ടിയിലെ തന്‍റെ അപ്രമാദിത്തം കുടുംബവാഴ്‌ചയിലൂടെ നിലനിർത്താനാണ് കെജ്‌രിവാളിന്‍റെ ശ്രമമെന്നും പ്രതിപക്ഷത്തിന് വരുത്തിത്തീർക്കാനാകും. അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു മുഴം നീട്ടി എറിഞ്ഞ 'കെജ്‌രിവാൾ തന്ത്രം' തിരിച്ചടിയാകാനാണ് സാധ്യത. ഈ പ്രതിസന്ധിയെ പാർട്ടി കണ്ടില്ലെന്ന് നടിക്കാൻ വഴിയില്ല.
അതിഷി മര്‍ലേന ആണ് ഈ സാഹചര്യത്തിൽ ഉയർന്ന് വരുന്ന മറ്റൊരു പേര്. പാർട്ടിയുടെ ശക്തമായ പോർമുഖം എന്ന നിലയിൽ അതിഷിക്ക് പാർട്ടിക്കകത്തും സ്വീകാര്യത കൂടുതലാകും. ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അതിഷി നിലവിലെ മന്ത്രിസഭയിൽ പത്തിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്. മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെയും മനീഷ് സിസോദിയയുടെയും വിശ്വസ്‌ത എന്ന നിലക്കും അതിഷി ശ്രദ്ധേയയാണ്. ഡൽഹിയിൽ ബിജെപി സ്‌മൃതി ഇറാനിയെ കളത്തിലിറക്കിയ സാഹചര്യത്തിൽ സ്ത്രീ വോട്ട് ബാങ്കുകളെ പിടിച്ച് നിർത്താൻ എന്ന നിലക്ക് കൂടി ഒരുപക്ഷെ ആം ആദ്‌മി അതിഷിയെ പരീക്ഷിക്കാൻ സാധ്യതയുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവിലെ ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് ഈ സ്ഥാനം നൽകാൻ സാധ്യതയുള്ള മറ്റൊരു വ്യക്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിൽ നിലവിൽ വന്ന 49 ദിവസത്തെ എഎപി സർക്കാരിൻ്റെ കാലത്താണ് ഭരദ്വാജ് ആദ്യമായി ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഭക്ഷ്യ വിതരണം, ഗതാഗതം, പരിസ്ഥിതി, പൊതുഭരണം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ച സൗരഭ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പരിചയസമ്പന്നനാണ്. കൈലാഷ് ഗെലോട്ട്, ഗോപാൽ റായ് എന്നീ പേരുകളും ഈ സാഹചര്യത്തിൽ ഉയർന്ന് വരുന്നുന്നുണ്ട്. ദലിത് വോട്ട് ബാങ്ക് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് പ്രധാനമാണെങ്കിലും ഈ ഘട്ടത്തിൽ ദലിത് നേതാക്കളിലേക്കുള്ള പരീക്ഷണത്തിന് സാധ്യതയില്ല.
എന്തായാലും 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മഹാരാഷ്ട്രക്കൊപ്പം നവംബറിൽ നടത്താൻ രണ്ട് പാർട്ടികളും ആവശ്യമുയർത്തുന്നതായാണ് വിവരം. താൻ കേന്ദ്ര ഏജൻസികളാലും കേന്ദ്ര സർക്കാരിനാലും വേട്ടയാടപ്പെടുന്നു എന്നൊരു പ്രതീതി സൃഷ്‌ടിക്കാൻ നിലവിൽ കെജ്‌രിവാളിനായിട്ടുണ്ട്. ജനങ്ങൾ വിധിയെഴുതാതെ താനിനി മുഖ്യമന്ത്രി പദത്തിലേക്കില്ലെന്ന പ്രഖ്യാപനത്തിലൂടെ താൻ വെറുമൊരു അധികാരമോഹിയായ രാഷ്ട്രീയക്കാരനല്ലെന്നും വോട്ടർമാരുടെ ഉള്ളിൽ അടിവരയിട്ടുറപ്പിക്കാൻ കെജ്‌രിവാൾ ശ്രമിക്കുന്നുണ്ട്. സ്വയം ഏറ്റെടുത്ത ഈ 'അഗ്നിപരീക്ഷ' ജയിച്ച് തിരിച്ചെത്താനാകുമോ എന്നത് കെജ്‌രിവാളിന്‍റെ ദേശീയ രാഷ്ട്രീയ ജീവിതത്തിന്‍റെ ഭാവിയിൽ ഉൾപ്പെടെ നിർണായകമാകും.
Also Read:അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കെജ്‌രിവാൾ; രണ്ട് ദിവസത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രി സ്ഥാനമൊഴിയും