ഹൈദരാബാദ് :തെലങ്കാനയിലുടനീളം താപനില ക്രമാതീതമായി ഉയരുകയാണ്. വ്യാഴാഴ്‌ച (മാർച്ച് 4) തെലങ്കാനയിലെ 20 ഇടങ്ങളിൽ 42 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഇതിൽ 14 പ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസ് കടന്നു. നൽഗൊണ്ട ജില്ലയിലെ ഇബ്രാഹിംപേട്ടയിൽ ഏറ്റവും ഉയർന്ന താപനിലയായ 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2016-ന് ശേഷം ഈ വർഷമാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് ആലിപ്പഴ വർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലെ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി കൂടുതലായിരിക്കും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ചൂടിന്‍റെ തീവ്രത കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ വ്യക്തമാക്കി. ഈ സമയത്ത് പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങൾ :നൽഗൊണ്ട ജില്ലയിലെ ഇബ്രാഹിംപേട്ടയിൽ 43.5 ഡിഗ്രി സെൽഷ്യസ്, അതേ ജില്ലയിലെ തന്നെ കനഗലിൽ 43.4 ഡിഗ്രി, ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളിയിൽ 43.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. നൽഗൊണ്ട ജില്ലയിലെ മഡ്‌ഗുലപള്ളിയിൽ 43.3 ഡിഗ്രിയും, ഗഡ്‌വാല ജില്ലയിലെ ധരൂർ, കുമുരം ഭീമാബ് ജില്ലയിലെ ആസിഫാബാദ്, ബുഗ്ഗാദാവി എന്നീ സ്ഥലങ്ങളിൽ 43.2 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.