ബെംഗളൂരു:ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് കർണാടക ഹൈക്കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ ഇനായത്തുള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്‌റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്‍റെ നിരീക്ഷണം. ഇക്കാരണത്താല്‍ കേസ് റദ്ദാക്കാനും ബെഞ്ച് ഉത്തരവിട്ടു.
വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 67 ബിയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തയ്യാറാക്കുന്നതിനും ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ അവ പങ്കിടുന്നതിനും ഏതൊരു വ്യക്തിയെയും ശിക്ഷിക്കാം. എന്നാൽ ഇവിടെ ഇനായത്തുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ നിർമിച്ചിട്ടില്ല. മാത്രമല്ല, ഇത് ആരുമായും പങ്കിട്ടിട്ടുമില്ല, അത് കാണുക മാത്രമാണ് ചെയ്‌തത്. അതിനാൽ സെക്ഷൻ 67 ബി പ്രകാരം ഇതിനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.
ഹർജിക്കാരൻ പോൺ വീഡിയോകൾ കാണുന്നുണ്ടെങ്കിലും, ഒരു കുറ്റകൃത്യവും ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ, ഹർജിക്കാരനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതാൽ അത് നിയമത്തിന്‍റെ ദുരുപയോഗമാകുമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.
കേസിൻ്റെ പശ്ചാത്തലം: 2023 മാർച്ച് 23 ന്, അപേക്ഷകനായ ഇനായത്തുള്ള, ഉച്ചകഴിഞ്ഞ് 3.30 നും 4.40 നും ഇടയിൽ മൊബൈൽ ഫോണിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടു. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടലിലൂടെ ഈ വിവരം ലഭിച്ച നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) നൽകിയ വിവരമനുസരിച്ച്, ബാംഗ്ലൂർ സിറ്റി സിഐഡി യൂണിറ്റ് ബാംഗ്ലൂർ സൈബർ ക്രൈം സ്‌റ്റേഷനിലേക്ക് റിപ്പോർട്ട് അയച്ചു.
ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം, കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടത് ഇനായത്തുള്ളയാണെന്ന് കണ്ടെത്തി. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം, അതായത് 2023 മെയ് 3 ന്, സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ ഇൻഫർമേഷൻ ടെക്നോളജി ആക്‌ടിലെ സെക്ഷൻ 67 ബി പ്രകാരം അയാൾക്കെതിരെ പരാതി രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. എന്നാൽ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.
ഹർജിക്കാരൻ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതിന് അടിമയാണ്. എന്നാൽ, വീഡിയോ ആരുമായും പങ്കുവെക്കാറില്ല. അതിനാൽ കേസ് റദ്ദാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടിട്ടുണ്ടെന്ന് ഹർജിക്കാരൻ സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഈ പ്രക്രിയ തുടരാൻ അനുവദിക്കരുതെന്നും, അപേക്ഷ തള്ളിക്കളയണമെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
Also Read:ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി