ലക്‌നൗ:സാമൂഹിക ഐക്യം, ലിംഗസമത്വം, മതേതരത്വം എന്നിവ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ളതാണ് ഏകീകൃത സിവിൽ കോഡെന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവ്. ഏകീകൃത സിവിൽ കോഡ് ഉടൻ യഥാർഥ്യമാകും. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആഗ്രഹപ്രകാരം രാജ്യത്തിൻ്റെ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിയിലാണ് സിറ്റിങ് ജഡ്‌ജിയുടെ പരാമർശം. ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. മുസ്‌ലിങ്ങൾ തങ്ങളുടെ സംസ്‌കാരം പിന്തുടരണമെന്ന് ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അനാദരവ് കാണിക്കരുതെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു.
യുസിസി വളരെക്കാലമായി ഇന്ത്യയിൽ ചർച്ചാവിഷയമാണ്. വിവിധ മതങ്ങളെയും സമുദായങ്ങളെയും അടിസ്ഥാനമാക്കിയുള്ള നിയമ സംവിധാനങ്ങൾ ഇല്ലാതാക്കി. സാമൂഹിക ഐക്യം, ലിംഗസമത്വം, മതേതരത്വം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിൻ്റെ പ്രധാന ലക്ഷ്യം.
വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു പൊതു നിയമത്തെയാണ് ഏകീകൃത സിവിൽ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബഹുഭാര്യത്വം, മുത്തലാഖ്, നികാഹ് ഹലാല എന്നിവയിൽ ഒരു ഇളവും ഉണ്ടാവില്ലെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്‌ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്‌ത പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലായിരുന്നു ഈ പരാമര്‍ശമുണ്ടായിരുന്നത്.