ഡെറാഡൂൺ (ഉത്തരാഖണ്ഡ്):കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. കോൺഗ്രസ് ഭീകരതയെയും വിഘടനവാദത്തെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിനായി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരം നീക്കങ്ങളെന്നും ധാമി പറഞ്ഞു. ഡെറാഡൂണിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണൽ കോൺഫറൻസ് അതിന്‍റെ പ്രകടനപത്രികയിൽ, മറ്റ് കാര്യങ്ങൾക്കൊപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംവദിക്കണമെന്നും പറയുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവരുടെ സഖ്യത്തിനെതിരെ ധാമി പ്രതികരിച്ചു. 'ജമ്മു കശ്‌മീരിൽ ഇനി ഒരു നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്. ആ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പാർട്ടിയും നാഷണൽ കോൺഫറൻസ് പാർട്ടിയും തമ്മിൽ ഒരു സഖ്യമുണ്ടാക്കി. അതിലൂടെ ജമ്മു കശ്‌മീരിലെ ജനങ്ങളെ കോൺഗ്രസ് ഒരു തരത്തിൽ വഞ്ചിക്കുകയാണ്. ഇതിലൂടെ ഭീകരതയെയും വിഘടനവാദത്തെയും പിന്തുണയ്ക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസിന്‍റെ യഥാർഥ മുഖം രാജ്യത്തിന് മുന്നിൽ വെളിവാകുകയാണെന്നും ധാമി കൂട്ടിച്ചേർത്തു.
കശ്‌മീരിലെ യുവാക്കൾക്ക് പകരം പാകിസ്ഥാനുമായി സംസാരിച്ച് വീണ്ടും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? എന്ന് ഇന്ന് (ഓഗസ്‌റ്റ് 24) നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ധാമി ചോദിച്ചു. പ്രത്യേക പതാക എന്ന നാഷണൽ കോൺഫറൻസിന്‍റെ വാഗ്‌ദാനത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ എന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കശ്‌മീരിനെ തീവ്രവാദ-വിഘടനവാദ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.