ന്യൂഡൽഹി:ബെംഗളൂരു മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ബെംഗളൂരു, താനെ, പൂനെ എന്നിവിടങ്ങളിലെ മെട്രോ ശൃംഖലകളുടെ വിപുലീകരണം ഉൾപ്പെടെയുള്ളമറ്റ് വികസന പദ്ധതികൾക്കും കേന്ദ്ര മന്ത്രിസഭയിൽ അംഗീകാരം നൽകിയിട്ടുണ്ട്.
ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ധനമന്ത്രാലയത്തിന്‍റെയും അനുമതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. 15,611 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 31 സ്റ്റേഷനുകൾ ഉൾപ്പെടുന്ന 44.65 കിലോ മീറ്റർ നീളമുള്ള രണ്ട് പുതിയ എലിവേറ്റഡ് ഇടനാഴികൾ കൂട്ടിച്ചേർക്കും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും.