ന്യൂഡല്‍ഹി:രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് പ്രസംഗം നീണ്ടത് 58 മിനിറ്റ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയം കൊയ്യുമെന്ന പ്രത്യാശ പ്രകടിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റുണ്ടാകുമെന്നും പറഞ്ഞു. സമൂഹത്തിലെ ദരിദ്രരെ കൂടുതല്‍ പരിഗണിച്ചുള്ള ബജറ്റാണിതെന്ന് കേന്ദ്രം പറയുമ്പോഴും ഇത് വെറും വോട്ട് ബാങ്ക് ബജറ്റാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
സാധാരണക്കാരുടെ ആവശ്യം നിറവേറ്റുന്ന കാര്യങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ദരിദ്രര്‍, കര്‍ഷകര്‍, സ്‌ത്രീകള്‍, യുവാക്കള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ് എന്നാണ് ബജറ്റ് അവതരിപ്പിച്ച നിര്‍മല സീതാരമാന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദം.
സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത് വികസനമാണ്. അത് സര്‍വ്വ വ്യാപിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ്. എല്ലാ തലങ്ങളിലുള്ളവരെയും എല്ലാ ജാതിയില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു. നാല് വിഭാഗത്തില്‍പ്പെട്ടവരാണ് ഇന്ത്യയുടെ അടിത്തറയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയും പോലെ ദരിദ്രര്‍ (ഗരീബ്), മഹിള (സ്‌ത്രീകള്‍), യുവജനങ്ങള്‍ (യുവ) കര്‍ഷകര്‍ (അന്നദാത) എന്നിവരാണ് അവരെന്നും അവര്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ പിന്തുണ നല്‍കിയിട്ടുള്ളതെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
അത്തരത്തിലുള്ളവരുടെ ആവശ്യങ്ങള്‍, അവരുടെ ആഗ്രഹങ്ങള്‍, അവരുടെ ക്ഷേമം എന്നിവയ്ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. അവരുടെ ജീവിത നിലവാരം ഉയരുമ്പോള്‍ രാജ്യം പുരോഗമിക്കും. ഈ നാല് വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. അവരുടെ ശാക്തീകരണവും ക്ഷേമവും രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഭൂരിപക്ഷം വോട്ടര്‍മാരുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, പട്ടിക ജാതി, പട്ടിക വര്‍ഗം തുടങ്ങിയവര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ പിന്തുണ നല്‍കും. അത് സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങളില്‍ ഒന്നായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുകയെന്നത് തങ്ങളുടെ സര്‍ക്കാരിന്‍റെ ഭരണ മാതൃകയാണ്. യോഗ്യരായ എല്ലാവര്‍ക്കും സാമൂഹിക നീതി ഉറപ്പാക്കുക, അഴിമതി കുറയ്‌ക്കുക, സ്വജനപക്ഷപാതം തടയുക എന്നതിനെല്ലാമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
അര്‍ഹതയുള്ള എല്ലാവരിലേക്കും ആനുകൂല്യങ്ങള്‍ എത്തുന്നുണ്ടെന്നത് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. മഹത്തായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങള്‍ വീണ്ടും ഈ സര്‍ക്കാരിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കേന്ദ്രത്തെ താങ്ങുന്നവര്‍ക്ക് ബജറ്റിലെന്ത്?
ദരിദ്രര്‍ക്കുള്ള ക്ഷേമ നടപടികള്‍:ദരിദ്രരുടെ ക്ഷേമമാണ് രാജ്യത്തിന്‍റെ ക്ഷേമമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ദാരിദ്രത്തില്‍ നിന്നും മോചനം നേടാന്‍ 25 കോടി ജനങ്ങളെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രധാനമന്ത്രി- ജൻധൻ പദ്ധതിയിലൂടെ 34 ലക്ഷം കോടി രൂപ കൈമാറുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.