ന്യൂഡല്‍ഹി :മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിൽ വ്യവസായ മേഖലയിൽ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്ത് നൂറോളം നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളോടെ നിക്ഷേപത്തിന് തയ്യാറുള്ള "പ്ലഗ് ആൻഡ് പ്ലേ" വ്യവസായ പാർക്കുകൾ അനുവദിക്കും. പാർക്കുകളുടെ വികസനം സർക്കാർ സുഗമമാക്കും. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതി വഴി 12 വ്യവസായ പാർക്കുകൾ കൂടി അനുവദിച്ചു.
മുദ്ര വായ്‌പ പരിധി 20 ലക്ഷം രൂപയായി ഉയർത്തി. 'തരുൺ' വിഭാഗത്തിന് കീഴിലുള്ള മുദ്ര വായ്‌പകൾ കൃത്യമായി തിരിച്ചടച്ച സംരംഭകർക്കാണ് വായ്‌പ പരിധി 20 ലക്ഷം രൂപയായി ഉയർത്തിയത്. നിലവിലെ മുദ്ര വായ്‌പ പരിധി 10 ലക്ഷം രൂപയാണ്. ആഭ്യന്തര ധാതുക്കളുടെ ഉത്‌പാദനത്തിനും പുനരുപയോഗത്തിനും അവയുടെ സമ്പാദനത്തിനുമായി ക്രിട്ടിക്കൽ മിനറൽ മിഷൻ രൂപീകരിക്കും. ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് ഇക്കോ സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വം വർധിപ്പിക്കുന്നതിനുമായി എല്ലാ നിക്ഷേപകരുടെയും ഏഞ്ചൽ ടാക്‌സ് നിർത്തലാക്കി.