വാറങ്കല്‍ : സര്‍ക്കാര്‍ ജോലി നേടിയെടുക്കുക എന്നത് തന്നെ ശ്രമകരമായ പണിയാണ്. പലരും വര്‍ഷങ്ങളുടെ കഠിന പ്രയത്നം കൊണ്ടാണ് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം കയ്യെത്തി പിടിക്കുന്നത്. പ്രാരാബ്‌ദങ്ങളുടെ ഒഴിവുകഴിവുകള്‍ പറയുന്നവര്‍ക്ക് മാതൃകയാവുകയാണ് വാറങ്കലിലെ ബന്ദി ഹിമ ബിന്ദുവും കൊപ്പുല ചൈതന്യയും (Two women from Warangal achieved four govt jobs at a time). ഒരേ സമയം നാല് സര്‍ക്കാര്‍ ജോലികള്‍ തേടിയെത്തിയ 'രണ്ടിരട്ടി' സന്തോഷത്തിലാണ് ഇരുവരും. തങ്ങളുടെ കുട്ടികളെയും കുടുംബത്തെയും നോക്കുന്നതിനൊപ്പമാണ് ഇവര്‍ പഠിച്ച് പരീക്ഷ എഴുതി ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം.
വാറങ്കൽ ജില്ലയിലെ ഖിലാ വാറങ്കൽ, മധ്യ കോട്ട സ്വദേശിയായ ബന്ദി ഹിമബിന്ദു കാകതീയ സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോ. ബിആർ അംബേദ്‌കര്‍ ഓപ്പൺ സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറി സയൻസ് കോഴ്‌സും പൂർത്തിയാക്കി. ഗീസുകൊണ്ട മണ്ഡലത്തിലെ ധർമ്മാരം ഗ്രാമത്തിലെ കൊപ്പുല ചൈതന്യയും ഹിമ ബിന്ദുവും കഴിഞ്ഞ വർഷമാണ് സംസ്ഥാന ഗുരുകുല വിദ്യാ സൻസ്‌തയിലെ അധ്യാപക തസ്‌തികകളിലേക്കുള്ള മത്സര പരീക്ഷ എഴുതിയത്.