ചണ്ഡിഗഡ് :ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് വിവിധ ആളുകള്‍ക്ക് ആക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗുരുഗ്രാം സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ഭോണ്ട്‌സി സ്വദേശിയായ നിജാകത്ത് അലിയും (48) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ചയാണ് (ഫെബ്രുവരി 15) ഇരുവരും പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജനുവരി 14ന് ഗുരുഗ്രാം സ്വദേശി നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രതികള്‍ കുടുംബത്തിനും ബന്ധുക്കള്‍ക്കും അശ്ലീലകരവും ആക്ഷേപകരവുമായ സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. പരാതിക്കാരന്‍റെ സഹോദരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് യുവാവ് സന്ദേശങ്ങള്‍ അയച്ചതെന്നും സഹോദരിയുടെ ഫോട്ടോ അടക്കം ഉള്‍പ്പെടുത്തിയാണ് അക്കൗണ്ട് നിര്‍മിച്ചതെന്നും പരാതിക്കാരന്‍ പറഞ്ഞു.