നോർത്ത് 24 പർഗാനാസ്: സന്ദേശഖാലി സംഘർഷത്തിൽ ഒളിവിലായിരുന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ. സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭൂമി കൈയേറ്റം എന്നീ കേസുകളിലാണ് പശ്ചിമ ബംഗാൾ പൊലീസ് അദ്ദേഹത്തെ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തത് (Sandeshkhali Violence Accused TMC Leader Sheikh Shahjahan Arrested).
നോർത്ത് 24 പർഗാനാസ് ജില്ലയിലെ മിനാഖാനിൽ നിന്നാണ് ഷാജഹാനെ അറസ്‌റ്റ് ചെയ്‌തതെന്ന് മിനാഖാൻ എസ്‌ഡിപിഒ അമിനുൽ ഇസ്ലാം ഖാൻ എഎൻഐയോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ബസിർഹത്ത് കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുമെന്ന് എസ്‌ഡിപിഒ കൂട്ടിച്ചേർത്തു.
സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ അറസ്‌റ്റിൽ നിന്ന് ഷാജഹാൻ ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു. ഷാജഹാൻ ഷെയ്ഖിനും അദ്ദേഹത്തിൻ്റെ അടുത്ത സഹായികൾക്കും എതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും നടത്തിയെന്ന് സന്ദേശഖാലിയിലെ ധാരാളം സ്‌ത്രീകൾ ആരോപിച്ചിരുന്നു.
സന്ദേശ്ഖാലി കേസിൽ ഷെയ്ഖ് ഷാജഹാനെ പ്രതിയാക്കാൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്‌റ്റ്. ഫെബ്രുവരി 23 ന് പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ്റെയും അദ്ദേഹത്തിൻ്റെ അടുത്ത സഹായികളുടെയും വസതികൾ അറ ഡസനോളം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) റെയ്‌ഡ് നടത്തിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാമവാസികളുടെ ശക്തമായ പ്രതിഷേധം സന്ദേശ്ഖാലിയില്‍ നടക്കുകയായിരുന്നു. 2019ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ.