കേരളം

kerala

ETV Bharat / bharat

'ഭയപ്പെടുത്തി' മരുമകളുടെ സ്വത്ത് തട്ടാന്‍ ശ്രമം; ഭാര്യയുടെ സഹോദരിയെ കൊന്ന് പെട്ടിയിലാക്കി അയച്ചുനല്‍കി; മൂന്ന് പേര്‍ അറസ്‌റ്റില്‍ - ANDHRA DEAD BODY PARCEL CASE

പശ്ചിമ ഗോദാവരി ജില്ലയിലെ യന്ദഗണ്ടി ഗ്രാമത്തിലാണ് ദാരുണ സംഭവം.

ANDHRA DEAD BODY PARCEL CASE  MURDER FOR PROPERTY ANDHRA PRADESH  ആന്ധ്രാപ്രദേശ് കൊലപാതകം  സ്വത്തിന് വേണ്ടി കൊലപാതകം ആന്ധ്ര
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 27, 2024, 6:52 PM IST

ആന്ധ്രാപ്രദേശ്: സ്വത്ത് തട്ടിയെടുക്കാന്‍ മരുമകളെ ഭീഷണിപ്പെടുത്തുന്നതിനായി രണ്ടാം ഭാര്യയുടെ സഹോദരിയെ കൊന്നു പെട്ടിയിലാക്കിയ കേസില്‍ മൂന്ന് പേര്‍ അറസ്‌റ്റില്‍. ആന്ധാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ യന്ദഗണ്ടി ഗ്രാമത്തിലാണ് സംഭവം. ശ്രീധർ വർമ്മ, ഇയാളുടെ രണ്ടാം ഭാര്യ രേവതി (കൊല്ലപ്പെട്ട യുവതിയുടെ സഹോദരി) സുഹൃത്ത് സുഷമ എന്നിവര്‍ ചേർന്നാണ് പറളയ്യ എന്ന യുവതിയെ കൊലപ്പെടുത്തിയത്. ശ്രീധർ വർമ്മയുടെ മരുമകളായ തുളസിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് പറളയ്യയെ കൊന്നത് എന്ന് മൂവരും പൊലീസിനോട് വെളിപ്പെടുത്തി.

സംഭവമിങ്ങനെ:

തുളസിയുടെ വീട്ടിലേക്ക് ഒരു മൃതദേഹം അയച്ച് തുളസിയെ ഭയപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ എത്ര അന്വേഷിച്ചിട്ടും ഒരു മൃതദേഹം കണ്ടെത്താനായില്ല. ഇതോടെ മൃതദേഹത്തിനായി കൊലപാതകം നടത്താന്‍ തന്നെ മൂവരും തീരുമാനിച്ചു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന പറളയ്യയെ മദ്യം നല്‍കി മയക്കിയ ശേഷം ഇവര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് നൈലോൺ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം മരപ്പെട്ടിയിലാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിറ്റേന്ന് ഓട്ടോയിൽ യന്ദഗണ്ടിയിലുള്ള തുളസിയുടെ വീട്ടിൽ പെട്ടി എത്തിച്ചു. പിന്നാലെ സംഘവും തുളസിയുടെ വീട്ടിലെത്തി. പെട്ടിതുറന്നപ്പോള്‍ ശവശരീരം കണ്ട് പരിഭ്രാന്തയായ തുളസിയെ സംഘം ഭീഷണിപ്പെടുത്തി.

പേടിച്ചരണ്ട തുളിസിയോട് മൂവരും സ്വത്ത് രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഒപ്പിട്ടില്ലെങ്കില്‍ ഇതുപോലെ മരിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. തുളസിയുടെ ഫോണും സംഘം തട്ടിയെടുത്തിരുന്നു.

കയ്യിലുണ്ടായിരുന്ന മറ്റൊരു ഫോണാണ് തുളസിക്ക് രക്ഷയായത്. ടോയ്‌ലറ്റില്‍ കയറി കതകടച്ച തുളസി ഈ ഫോണിൽ നിന്ന് സുഹൃത്തുക്കള്‍ക്ക് എസ്‌ഒഎസ് സന്ദേശം അയക്കുകയായിരുന്നു. വിവരമറിഞ്ഞ സുഹൃത്തുക്കള്‍ ഉടന്‍ അധികാരികളെ വിവരം അറിയിച്ചു.

എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ് ശ്രീധർ വർമ്മയും സംഘവും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ 40ല്‍ അധികം സിം കാർഡുകളാണ് ഇവര്‍ ഉപയോഗിച്ചത്.

ഒരു ലോഡ്‌ജിൽ ഒളിച്ച് താമസിക്കവേയാണ് സംഘം പൊലീസിന്‍റെ പിടിയിലാകുന്നത്. ഇവര്‍ താമസിച്ച ലോഡ്‌ജിന് പരിസരത്തെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്വത്തിന് വേണ്ടിയാണ് ഇതൊക്കെയും ചെയ്‌തതെന്ന് മൂവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Also Read:കോടതിക്ക് മുന്നില്‍ വധശ്രമക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മുൻവൈരാഗ്യമെന്ന് സൂചന, മൂന്ന് പേർ പിടിയിൽ

ABOUT THE AUTHOR

...view details