ന്യൂഡൽഹി : ഇലക്‌ടറൽ ബോണ്ട് സംബന്ധിച്ച വിശദാംശത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപൂർണ്ണമായ വിവരങ്ങളാണ് നൽകിയെതെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജികൾ പരിഗണിക്കുന്നതിനിടെ, ഭരണഘടനാ ബെഞ്ച് ജഡ്‌ജിമാരും അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇലക്‌ടറല്‍ ബോണ്ട് നയപരമായ കാര്യമാണെന്നും കോടതികൾ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു നെടുമ്പാറയുടെ വാദം. പാർലമെന്‍റ് നിയമം പാസാക്കിയെന്നും നെടുമ്പാറ കോടതിയില്‍ പറഞ്ഞു. നെടുമ്പാറ വാദം തുടരുന്നതിനിടയിൽ ചീഫ് ജസ്‌റ്റിസ് ഇടപെട്ടു. ബെഞ്ചിനെ കേൾക്കാൻ രണ്ട് തവണ ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു. നെടുമ്പാറ ഇത് ചെവികൊള്ളാതെ വാദം തുടര്‍ന്നു. താനൊരു പൗരനാണെന്ന് ബെഞ്ചിന് നേരെ ശബ്‌ദം ഉയര്‍ത്തി. ഈ അവരത്തില്‍, തന്‍റെ നേരെ ശബ്‌ദം ഉയര്‍ത്തരുതെന്ന് ചീഫ് ജസ്‌റ്റിസ് അഭിഭാഷകനോട് തറപ്പിച്ചു പറഞ്ഞു. എന്നാല്‍ താന്‍ മൃദുവായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു നെടുമ്പാറയുടെ പ്രതികരണം.
ഇത് പ്രസംഗം നടത്താനുള്ള ഹൈഡ് പാര്‍ക്ക് വേദിയല്ലെന്നും താങ്കള്‍ കോടതിയിലാണെന്നും ചീഫ് ജസ്‌റ്റിസ് നെടുമ്പാറയോട് ഉറച്ച സ്വരത്തില്‍ പറഞ്ഞു. 'നിങ്ങൾക്ക് ഒരു ഹര്‍ജി ഫയൽ ചെയ്യണം അല്ലേ? ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ഞാന്‍ പറയുന്നു, ഞങ്ങൾ നിങ്ങളുടെ വാദം കേൾക്കുന്നില്ല. നിങ്ങൾക്ക് ഹര്‍ജി ഫയൽ ചെയ്യണമെങ്കിൽ അത് ഇമെയിലിലൂടെ നല്‍കുക. അതാണ് ഈ കോടതിയിലെ നിയമം”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.