ന്യൂഡൽഹി: ഗവർണർമാരുടെ ദ്വിദിന സമ്മേളനം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.
ജനാധിപത്യത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് വിവിധ കേന്ദ്ര ഏജൻസികൾ എല്ലാ സംസ്ഥാനങ്ങളിലും മികച്ച ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
ദരിദ്രരുടെ ഉയര്‍ച്ചയ്ക്കും അതിർത്തി പ്രദേശങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വികസനത്തിനാണ് കേന്ദ്രസർക്കാർ അതീവ പരിഗണന നൽകുന്നത്. പട്ടികജാതി-പട്ടികവർഗ മേഖലകളിൽ വലിയൊരു വിഭാഗം ആദിവാസി വിഭാഗങ്ങൾ താമസിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്രമായ വികസനം കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ഗവർണർമാരോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു.
കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ ഫലപ്രദമായ പങ്ക് വഹിക്കാനും ജനങ്ങളുമായും സാമൂഹിക സംഘടനകളുമായും ഇടപഴകാനും പിന്നാക്കക്കാരെ സഹകരിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർമാരോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്നതാണ് ഗവർണർ പദവിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 28 ന് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ പ്രസിഡന്‍റ് നിയമിച്ചു. അസം ഗവർണറായ ഗുലാബ് ചന്ദ് കട്ടാരിയയെ പഞ്ചാബ് ഗവർണറായി നിയമിച്ചു. കൂടാതെ ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്‍റെ അഡ്‌മിനിസ്ട്രേറ്ററായും കട്ടാരിയക്ക് ചുമതല നല്‍കി. രാജസ്ഥാൻ ഗവർണറായി ഹരിഭാവു കിസൻറാവു ബാഗ്‌ഡെയെയും തെലങ്കാന ഗവർണറായി ജിഷ്ണു ദേവ് വർമ്മയെയും സിക്കിമില്‍ ഓം പ്രകാശ് മാത്തൂരിനെയും ജാർഖണ്ഡിൽ സന്തോഷ് കുമാർ ഗാംഗ്‌വാറിനെയും നിയമിച്ചു.
ഛത്തീസ്ഗഢ് ഗവർണറായി രാമൻ ദേകയെയും മേഘാലയ ഗവർണറായി സിഎച്ച് വിജയശങ്കറിനെയും രാഷ്ട്രപതി നിയമിച്ചു. സിക്കിം ഗവർണറായിരുന്ന ലക്ഷ്‌മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിക്കുകയും മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും നൽകി. സിപി രാധാകൃഷ്‌ണനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു.
Also Read:രാജ്യസഭ സമ്മേളനം ഇന്നുമുതല്‍; രാഷ്ട്രപതി ദ്രൗപതി മുര്‍മു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും - PRESIDENT WILL ADRESS PARLIAMENT