ന്യൂഡല്‍ഹി:ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ചൂടന്‍ പാനീയത്തിന്‍റെ ചരിത്രവും ഇതിന്‍റെ അറുപതിലേറെ കൂട്ടുകളെയും കുറിച്ച് വിസ്‌തരിക്കുകയാണ് 'ദ ബുക്ക് ഓഫ് ചായ്'. ചായ എന്ന ഈ ഔഷധരസക്കൂട്ടിന് നമ്മുടെ സാംസ്കാരിക മണ്ഡലത്തിലുള്ള സ്വാധീനത്തെക്കുറിച്ചും പുസ്‌തകം പ്രതിപാദിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരിയായ മിര മനേക് ആണ് പുസ്‌തകത്തിന്‍റെ കര്‍ത്താവ്. ഹചേട്ട ഇന്ത്യയാണ് പുസ്‌തകത്തിന്‍റെ പ്രസാധകര്‍.
ഇന്ത്യന്‍ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായ ഈ പാനീയത്തിലേക്ക് എഴുത്തുകാരി അനുവാചകരെ പിടിച്ചടുപ്പിക്കുന്നു. താന്‍ ഒരു ഓണ്‍ലൈന്‍ വ്യവസായം തുടങ്ങിയതിന് പിന്നാലെ ഒരു കൊല്ലം മുമ്പാണ് ഇങ്ങനെ ഒരുപുസ്‌തകത്തിന്‍റെ ആശയം തന്നില്‍ മുളപൊട്ടിയതെന്ന് മിര പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്‌തകമെഴുത്ത് ഒരു വല്ലാത്ത അനുഭവമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. താനെപ്പോഴും ചായ കുടിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു. ഗവേഷണത്തിലൂടെ താന്‍ ചായയുടെ ആഗോള ചരിത്രവും മറ്റും ധാരാളം കാര്യങ്ങളും കണ്ടെത്തിയതായും അവര്‍ വ്യക്തമാക്കുന്നു. സ്വന്തമായി ഒരു തേയിലക്കമ്പനിയും മിരയ്ക്കുണ്ട്.
ലോകത്ത് മുപ്പതര ലക്ഷം ഹെക്‌ടര്‍ ഭൂമി തേയിലത്തോട്ടമാണ്. ഭൂമിയില്‍ വെള്ളം കഴിഞ്ഞാല്‍ ഏറ്റവും പ്രിയമുള്ള പാനീയവും ചായ തന്നെയാണ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചായകുടിക്കുന്നത് നമ്മള്‍ ഇന്ത്യാക്കാരുമാണ്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന രാജ്യവും നമ്മുടേതാണ്. 2022ല്‍ മാത്രം നമ്മള്‍ കുടിച്ച് തീര്‍ത്തത് ഏകദേശം 120 കോടി കിലോ തേയിലയുടെ ചായ ആണെന്നും മിര തന്‍റെ ബുക്കില്‍ പറയുന്നു.
65 തരം ചായകളെയും ഇതിന്‍റെ കൂട്ടുകളെയും ഇതിലുപയോഗിക്കാവുന്ന സുഗന്ധ വ്യഞ്ജനങ്ങളെയും ഗ്രന്ഥകാരി തന്‍റെ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നു. ചായക്കൊപ്പം കഴിക്കാവുന്ന വിഭവങ്ങളെക്കുറിച്ചും പുസ്‌തകത്തില്‍ പരാമര്‍ശമുണ്ട്. ചായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും വിവരിക്കുന്നു. ചായയുണ്ടാക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വിവിധ കാലാവസ്ഥയ്ക്കും നമ്മുടെ മനോനിലകള്‍ക്കും ഒരു ദിവസം തന്നെ വിവിധ സമയങ്ങള്‍ക്കും അനുസരിച്ച് കുടിക്കാവുന്ന ചായകളെക്കുറിച്ചും വിശദീകരിക്കുന്നു.