ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. ബാലാജിയുടെ മന്ത്രിസഭയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെക്കുറിച്ച് എടുത്ത് പറഞ്ഞാണ് ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചത്.
കേസിലെ പരാതിക്കാരിൽ ഒരാളായ കെ വിദ്യാ കുമാർ സമർപ്പിച്ച ഹര്‍ജിയില്‍ ബാലാജിയുടെ പ്രതികരണം തേടിയ ബെഞ്ച്, നീതി നടപ്പാക്കുക മാത്രമല്ല, പ്രകടമായി കാണുകയും വേണം എന്നതാണ് അടിസ്ഥാന തത്വം എന്നും വിമര്‍ശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
'ഹരജിക്കാരൻ്റെ പരാതി ന്യായമാണ്, ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകും? ജാമ്യം നൽകിയതിൻ്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കാനാകും. ഇത്തരം നടപടികള്‍ കേസിലെ സാക്ഷികൾക്കുമേൽ സമ്മർദം സൃഷ്‌ടിക്കില്ലേ' എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സെന്തിൽ ബാലാജിയോട് വിശദീകരണം തേടിയ കോടതി, കേസില്‍ വാദം കേൾക്കുന്നത് 13ലേക്ക് മാറ്റി.
ഇഡി അറസ്റ്റും മന്ത്രി സ്ഥാനവും
2023 ജൂണിലാണ് സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി ബാലാജിയെ അറസ്റ്റ് ചെയ്‌തത്. എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത സെന്തിൽ ബാലാജി 471 ദിവസത്തെ ജയിൽ വാസത്തിന് ശേഷം നിലവിൽ ജാമ്യത്തിലാണ്. ജാമ്യം ലഭിച്ച് അടുത്ത ദിവസം തന്നെ മന്ത്രിയായി ചുമതലയേറ്റിരുന്നു.
അതിനിടെയാണ് സെന്തിൽ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് വേഗത്തിലാക്കാൻ കേസിലെ ഇരകളിലൊരാളായ വൈ ബാലാജി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സെന്തിൽ ബാലാജിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ കേസെടുത്തിട്ടില്ലെന്നും, കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയിൽ പ്രത്യേക ജഡ്‌ജിയെ നിയമിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ്റെ വാദം കണക്കിലെടുത്ത കോടതി സെന്തിൽ ബാലാജിയോട് വിശദീകരണം തേടുകയായിരുന്നു.