സാന്‍ഫ്രാന്‍സിസ്‌കോ:തബലയില്‍ മാന്ത്രികത തീര്‍ക്കാന്‍ ഉസ്‌താദ് സാക്കിർ ഹുസൈന്‍ ഇനിയില്ല. 73-ാം വയസില്‍ അദ്ദേഹം വിടവാങ്ങി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പാണ് അദ്ദേഹത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ. പിതാവ് അല്ലാഹ് റഖയും പ്രശസ്‌ത തബല വിദ്വാനായിരുന്നു. 1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.
മൂന്നാം വയസ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛൻ അല്ലാ രഖാ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസിൽ സരോദ് വിദഗ്‌ധന്‍ ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം.
പിന്നീട് പന്ത്രണ്ടാമത്തെ വയസിൽ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി.
ആറ് പതിറ്റാണ്ട് നീണ്ട തന്‍റെ കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിര്‍ ഹുസൈന് ലഭിച്ചത്. ഈ വർഷം ആദ്യം നടന്ന 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്‍റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
കേരളത്തിലും അദ്ദേഹം പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്. 2017 ൽ അദ്ദേഹം പാലക്കാട് പെരുവനത്ത് എത്തിയിരുന്നു. അന്ന് പെരുവനം കുട്ടന്‍ മാരാർ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്. മലയാളത്തില്‍ വാനപ്രസ്ഥം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്‌ത കഥക് നര്‍ത്തകി അന്‍റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.