ന്യൂഡല്‍ഹി:അരവിന്ദ് കെജ്‌രിവാളിന്‍റെ വലംകൈയ്യായ ബിഭവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസ് തന്നെ അറസ്റ്റ് ചെയ്‌ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്‌ണയുെട ബെഞ്ചിന്‍റേതാണ് നടപടി.
അറസ്റ്റ് ചെയ്‌ത ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്‌തതെന്ന് ബിഭവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് നല്‍കാതെ അനധികൃതമായാണ് അറസ്റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നാണ് 41എ അനുസരിച്ചുള്ള നോട്ടിസില്ലാതെയുള്ള അറസ്റ്റെന്നും ബിഭവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
താന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഇത് 4.30ഓടെയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ അതിന് മുന്‍പ് 4.15ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള അറസ്റ്റില്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു അറസ്റ്റിലൂടെ തന്‍റെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നുവെന്നും ബിഭവ് ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്യപ്പെടും മുമ്പ് ആ വ്യക്തിക്ക് ഇതേക്കുറിച്ച് പൊലീസ് നോട്ടിസ് നല്‍കണമെന്ന് 41എ അനുശാസിക്കുന്നു. പതിനെട്ട് വരെ അറസ്റ്റിന് യാതൊരു ധൃതിയും ഉണ്ടായിരുന്നില്ല. പതിനാറിനാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു. അറസ്റ്റിനെ കുറിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ പന്ത്രണ്ടിന് വൈകിട്ട് 4.15ന് അറസ്റ്റ് ചെയ്യുകയായിരുന്നു.