ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ മുൻ സഹായി ബിഭവ് കുമാറിന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ (ജൂലൈ 1) വിധി പറയും. ബിഭവിന്‍റെ ഹർജി ഡൽഹി പൊലീസ് എതിർത്തതിനെ തുടർന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമ വിധി പറയുന്നത് മാറ്റിവച്ചിരുന്നു.
ഇരുഭാഗത്തെയും വാദം കേട്ട ശേഷം നാളെ വിധി പറയും. സ്വാതി മലിവാളിനെ കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ വച്ച് മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മെയ് 18നാണ് ബിഭാവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും മുൻകൂർ ജാമ്യം നൽകാതെ അറസ്റ്റ് ചെയ്‌തതിന് നഷ്‌ടപരിഹാരം നൽകണമെന്നും ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നുമാണ് ബിഭവ് ഹർജിയിൽ ആവശ്യപ്പെട്ടത്.