ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ബിഭാവ് കുമാര്‍ മോശമായി പെരുമാറിയെന്ന് എഎപി രാജ്യസഭ എംപി സ്വാതി മലിവാള്‍. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പിസിആർ കോൾ വഴിയാണ് ആരോപണമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ആം ആദ്‌മി പാർട്ടിയുടെ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം കെജ്‌രിവാളിന്‍റെ വസതിയിൽ ചേരുന്നതിന് മുമ്പായിരുന്നു പരാതി.
പിസിആർ കോൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വിഷയത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മുഖ്യപ്രതിപക്ഷ പാർട്ടിയായ ബിജെപി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, വിളിച്ചയാളെ സംബന്ധിച്ച് ഡൽഹി പൊലീസും ആം ആദ്‌മി പാർട്ടിയും ഔദ്യോഗിക പ്രസ്‌താവന പുറപ്പെടുവിച്ചിട്ടില്ല. ഡൽഹി വനിത കമ്മിഷൻ മുൻ അധ്യക്ഷയും നിലവിലെ രാജ്യസഭ എംപിയുമാണ് സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറിയാണ് ബിഭാവ് കുമാർ.