ന്യൂഡല്‍ഹി: ഹിജാബ്, നിഖാബ്, ബുർഖ മുതലായവ ധരിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മുംബൈയിലെ സ്വകാര്യ കോളജ് പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കോടതി പറഞ്ഞു. എന്ത് ധരിക്കണമെന്നത് വിദ്യാര്‍ഥികളുടെ ഇഷ്‌ടമാണെന്നും ഒന്നും അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കരുതെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഹര്‍ജി പരിഗണിക്കവെ കോളജിലേക്ക് പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർഥികള്‍ക്കും വിലക്കേര്‍പ്പെടുത്തുമോയന്ന് സുപ്രീം കോടതി ചോദിച്ചു. ഹിജാബ്, ബുര്‍ഖ എന്നിവ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. ക്ലാസിനുള്ളില്‍ ബുര്‍ഖ ഉപയോഗിക്കരുത്. ക്യാമ്പസില്‍ മതപരിപാടികള്‍ നടത്തരുതെന്നും ഹിജാബ്, ബുര്‍ഖ എന്നിവയുടെ ദുരുപയോഗമുണ്ടായാല്‍ സമീപിക്കാമെന്നും ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.