ന്യൂഡൽഹി : തമിഴ്‌നാട് മന്ത്രിയായിരുന്ന കെ പൊൻമുടിയെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധി പാലിക്കാന്‍ വിസമ്മതിച്ച തമിഴ്‌നാട് ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പൊൻമുടിയെ തിരിച്ചെടുക്കാൻ ഗവർണർ ആര്‍ എന്‍ രവിക്ക് ഒരു ദിവസത്തെ സമയപരിധിയും കോടതി നല്‍കി. ഗവര്‍ണര്‍ സുപ്രീം കോടതിയെ ധിക്കരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ സ്‌റ്റേ ചെയ്‌ത ഡിഎംകെ നേതാവ് പൊൻമുടിയെ വീണ്ടും സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗവര്‍ണര്‍, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ ധിക്കരിക്കുകയാണെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് സുപ്രീം കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ശിക്ഷാവിധി സ്‌റ്റേ ചെയ്‌തിട്ടുണ്ടെങ്കില്‍, അയാള്‍ കുറ്റക്കാരനാവാതിരിക്കുന്നില്ല എന്ന് കോടതിയോട് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയ ആള്‍ ശരിയായ ഉപദേശമല്ല കൊടുത്തിരിക്കുന്നത്. സുപ്രീം കോടതി ശിക്ഷാ വിധി സ്‌റ്റേ ചെയ്യുമ്പോൾ നിയമത്തിനെ അതിന്‍റെ വഴിക്ക് പോകാന്‍ അനുവദിക്കണം എന്ന് ഗവര്‍ണറെ അറിയിക്കുന്നതാണ് നല്ലത്. കോടതി നിങ്ങൾക്ക് ഒറ്റ രാത്രി സമയം നൽകുന്നു. അല്ലാത്ത പക്ഷം ഞങ്ങൾ നാളെ വിധി പ്രഖ്യാപിക്കുമെന്നും ചീഫ് ജസ്‌റ്റിസ് എജിയോട് പറഞ്ഞു.