ന്യൂഡൽഹി: അർഹതപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകുന്നതിലെ കാലതാമസത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം കുടിയേറ്റ തൊഴിലാളികൾക്ക് അർഹതയുള്ളതിനാൽ അവർക്ക് റേഷൻ നൽകുന്നതിനുള്ള നടപടികൾ കോവിഡ് സമയത്ത് സുപ്രീം കോടതി സ്വമേധയാ ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെയും നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമെതിരെ സുപ്രീം കോടതി വിമർശനമുന്നയിച്ചിരിക്കുന്നത്.
2021 ജൂണിലെ വിധിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. 'വിശക്കുന്നവർക്ക് കാത്തിരിക്കാനാവില്ല' എന്ന നിരീക്ഷിച്ച കോടതി ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത അർഹതപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്കും അസംഘടിത തൊഴിലാളികൾക്കും എത്രയും പെട്ടെന്ന് റേഷൻ കാർഡ് നല്‍കാൻ സർക്കാരുകൾക്ക് നിർദേശം നൽകി. ജസ്‌റ്റിസുമാരായ സുധാൻഷു ധൂലിയ അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിനുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി.