ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണമായ അപകടത്തിന് പിന്നാലെ പ്രതികരിച്ച് ബസ് കണ്ടക്‌ടര്‍. ബസുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് കാർ അമിത വേഗതയിലായിരുന്നുവെന്ന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്‌ടര്‍ മനീഷ് വ്യക്തമാക്കി. അമിത വേഗതയായിരിക്കില്ല അപകടകാരണമെന്നും കാഴ്‌ചയുടെ പ്രശ്‌നമാണ് അപകട കാരണമെന്ന് കരുതുന്നതെന്നും ആലപ്പുഴ ആർടിഒ എകെ ദിലു പറഞ്ഞു.
അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു. 'വണ്ടി ഓടിച്ച വിദ്യാർഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. 2010 മോഡൽ ടവേരയാണ് അപകടത്തിൽപ്പെട്ടത്' എന്നും ആര്‍ടിഒ വ്യക്തമാക്കി. വാഹനത്തിന് മുന്നിലേക്ക് എന്തോ വരുന്നത് കണ്ട് വെട്ടിച്ചുമാറ്റുകയായിരുന്നുവെന്ന് ആർടിഒയോട് ഡ്രൈവർ പറഞ്ഞു.
കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്‌ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിഗമനം. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്‍റെ ഉടമസ്ഥതയിലുള്ള ടവേര കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്ന് സഹപാഠികൾ പറഞ്ഞു. ബസിലേക്ക് കാര്‍ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു.
അപകടത്തിൽ പ്രതികരിച്ച് ആർടിഒ
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു. ഓവര്‍ലോഡ്, പ്രതികൂല കാലാവസ്ഥ, വാഹനത്തിന്‍റെ കാലപഴക്കം, വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന് ആര്‍ടിഒ വ്യക്തമാക്കി. കൂടുതൽ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്‍റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവൻ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു.
പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്‍റെ വ്യാപ്‌തി കൂടാൻ കാരണമെന്നും ആര്‍ടിഒ കൂട്ടിച്ചേർത്തു.
വാഹനം തെറിച്ചുപോയിരുന്നെങ്കിൽ അപകടത്തിന്‍റെ ആഘാതം കുറയുമായിരുന്നു. മഴ പെയ്‌തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകും. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും ആർടിഒ പറഞ്ഞു.
റെന്‍റ് എ കാബ് സൗകര്യം കേരളത്തിലുണ്ട്. അത് നിയമപരമായിട്ടുള്ളതാണ്. എന്നാൽ, ഇത് അങ്ങനെ അല്ല. സ്വകാര്യ വാഹനം വിട്ടുകൊടുത്തതാണ്. ഇന്‍ഷുറന്‍സ് ഉള്ള വണ്ടിയാണ്. 14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാൽ തന്നെ ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്‌റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാൽ തന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീൽ ലോക്കായി. അങ്ങനെ സംഭവിച്ചാൽ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും. പഴയ വണ്ടിയായതിനാൽ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും.
വണ്ടിയോടിച്ച വിദ്യാര്‍ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാൽ, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡിൽ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥി പറയുന്നത്. ഇക്കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌ത് വന്നാലും ഇടത്തേക്ക് നീങ്ങാനുള്ള സമയം ഉണ്ടായിരുന്നു. റോഡിൽ വെളിച്ചത്തിന്‍റെ പ്രശ്‌നവും ഉണ്ടായിരുന്നുവെന്ന് ആർടിഒ വ്യക്തമാക്കി.
മഴ നിന്നാലും മരത്തിൽ നിന്ന് വെള്ളം വീഴുന്നുണ്ടായിരുന്നു. അതിനാൽ അവിടെ ജലപാളികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറഞ്ഞു. മഴയുടെ ബുദ്ധിമുട്ട് അപകടകാരണമായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്നും അപകട സാധ്യതയുള്ള സ്ഥലമെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി എ സുനിൽ രാജ് പറഞ്ഞു.
അപകടം ഇങ്ങനെ
ഇന്നലെ രാത്രി കളർകോട് ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ (ഡിസംബർ 2) രാത്രി 9.45 ഓടെയായിരുന്നു സംഭവം. കാറില്‍ 11 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു, ബാക്കിയുള്ളവർ ചികിത്സയിലാണ്. കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ആലപ്പുഴ ജില്ലാ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റി.
വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അതേസമയം അപകടത്തിൽപ്പെട്ട അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തില്‍ മരിച്ചവര്‍
ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ (19), കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ (19), മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തില്‍ പരിക്കേറ്റവർ
പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്‍റ്സണ്‍ പോസ്റ്റിന്‍റെ മകൻ ഷൈൻ ഡെന്‍റ്സൺ (19), എടത്വാ സ്വദേശി കൊച്ചുമോൻ ജോർജിന്‍റെ മകൻ ആൽവിൻ ജോർജ് (19), ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ എം.കെ. ഉത്തന്‍റെ മകൻ കൃഷ്‌ണദേവ് (19), എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്‌മിഭവനത്തിൽ ആർ. ഹരിദാസിന്‍റെ മകൻ ഗൗരീശങ്കർ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ മുഹസിൻ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാർത്തിക വീട്ടിൽ കെ.എസ്. മനുവിന്‍റെ മകൻ ആനന്ദ് മനു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രക്ഷാപ്രവര്‍ത്തനം കാര്‍ വെട്ടിപ്പൊളിച്ച്
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്ത് എടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന 12 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
അനുശോചിച്ച് മുഖ്യമന്ത്രി
ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: അതിദാരുണം; ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി കാര്‍; അഞ്ച് പേര്‍ മരിച്ചു