ജയ്‌പൂര്‍:പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ഉദയ്‌പുരില്‍ വര്‍ഗീയ സംഘര്‍ഷം. അക്രമികള്‍ നിരവധി വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്‍റര്‍നെറ്റ് നിരോധനവും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഒരാള്‍ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുത്തേറ്റ വിദ്യാര്‍ഥി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്.
മധുബനിലെ സുരാജ്‌പോള്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയ്‌ക്കാണ് സഹപാഠിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ പത്താംക്ലാസുകാരനെ അധ്യാപകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ വിവരമറിഞ്ഞ ജില്ല വിദ്യാഭ്യാസ ഓഫിസറും പൊലീസ് ഉദ്യോഗസ്ഥരും സ്‌കൂളിലേക്കെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചത്. ഇതോടെ, മേഖലയില്‍ നിരവധിയാളുകള്‍ തടിച്ചുകൂടി. ആക്രമണം നടത്തിയ വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇവര്‍ പ്രതിഷേധിച്ചു. തുടര്‍ന്നായിരുന്നു മേഖലയില്‍ വ്യാപക ആക്രമണമുണ്ടായത്.
ഹിന്ദു സംഘടന നേതാക്കളുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ സംഘമാണ് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍, കല്ലേര്‍ നടത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്‌തതായി പൊലീസ് വ്യക്തമാക്കി. ഇതോടെ, പ്രദേശത്തെ കടകമ്പോളങ്ങള്‍ അടപ്പിച്ച് അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്‌തു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായാണ് 144 ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ, മേഖലയില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ധാക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടവും അറിയിച്ചു.
Also Read :ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ അക്രമം; 19 പേര്‍ പിടിയില്‍