തിരുവനന്തപുരം/ന്യൂഡൽഹി : കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെ ശക്തമായി എതിർക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും ബംഗാളും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഈ സംസ്ഥാനങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പാർലമെന്‍റ് പാസാക്കിയ ഏത് നിയമവും നടപ്പാക്കാൻ നിയമപരമായി സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് വാക്കുകളിൽ ഒതുങ്ങാനാണ് സാധ്യത.
പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അവകാശമായതിനാൽ സിഎഎ നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാകും. പൗരത്വം നൽകുന്നതിൽ നിന്ന് കേന്ദ്രത്തെ തടയാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല എന്നാണ് നിയമ വിദഗ്‌ധര്‍ പറയുന്നത്. പൗരത്വ അപേക്ഷകൾ പരിഗണിക്കുന്നതിനായി രൂപീകരിക്കപ്പെടുന്ന എംപവേഡ്, ജില്ലാതല സമിതികളിൽ ഭൂരിഭാഗം പേരും കേന്ദ്രസർക്കാർ പ്രതിനിധികളായിരിക്കും. സംസ്ഥാന സർക്കാരിൽ നിന്നും ഒരാൾ മാത്രമായിരിക്കും സമിതിയിൽ ഉൾപ്പെടുക. അതുകൊണ്ടുതന്നെ പൗരത്വം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള മുഴുവൻ ചുമതലയും കേന്ദ്ര ജീവനക്കാർക്കായിരിക്കുമെന്നാണ് സൂചന.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്‌തവ എന്നീ ആറ് മത വിഭാഗങ്ങളില്‍ നിന്നുള്ളവർക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വം ലഭിക്കുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി സംസ്ഥാന, ജില്ല അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കുമെന്നും സിഎഎ നിയമത്തില്‍ പറയുന്നു. ഈ സമിതികളിൽ ഭൂരിഭാഗം പേരും കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധികളായിരിക്കും. സംസ്ഥാനങ്ങളിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ മാത്രമായിരിക്കും സമിതിയിൽ ഉൾപ്പെടുകയെന്നുമാണ് വിവരം.
അതേസമയം സംസ്ഥാനത്തിന്‍റെ പ്രതിനിധിയുടെ അഭാവത്തിലും രേഖകൾ പരിശോധിച്ച് പൗരത്വം നൽകാൻ സമിതികൾക്ക് സാധിക്കും എന്നതാണ് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന മറ്റൊരു കാര്യം. മാത്രമല്ല രണ്ട് സമിതിയുടെയും അധ്യക്ഷൻ കേന്ദ്ര പ്രതിനിധിയായിരിക്കും. എംപവേഡ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തിക്കുക സെന്‍സസ് ഓപ്പറേഷന്‍ ഡയറക്‌ടറായിരിക്കും.
കേന്ദ്രസര്‍ക്കാരിന്‍റെ സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ട് തസ്‌തികയിലുള്ളവര്‍ ആയിരിക്കും ജില്ലാതല സമിതികൾക്ക് നേതൃത്വം നൽകുക. കേന്ദ്ര ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സെന്‍സസ് കമ്മിഷണര്‍ക്കും റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കുമാകും സെന്‍സസ് ഡയറക്‌ടര്‍ റിപ്പോർട്ട് നൽകുക. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർ തന്നെയാണ് എംപവേഡ് കമ്മിറ്റിയിലെ മറ്റംഗങ്ങളായ ഓഫിസര്‍ ഓഫ് സബ്‌സിഡിയറി ഇന്‍റലിജന്‍സ് ബ്യൂറോ, ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍, സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എന്നീ തസ്‌തികകളിൽ പ്രവർത്തിക്കുക.