ന്യൂഡല്‍ഹി :ഇലക്‌ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇലക്‌ടറല്‍ ബോണ്ടിന്‍റെ നമ്പരുകള്‍ വെളിപ്പെടുത്താത്തതെന്തെന്ന് കോടതി ചോദിച്ചു. ഇത് നിര്‍ബന്ധമായും പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചു (Electoral bond Case).
ഓരോ ഇലക്‌ടറല്‍ ബോണ്ടിന്‍റെയും നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് ചോദിച്ച സുപ്രീംകോടതി ഇക്കാര്യം തിങ്കളാഴ്‌ച (18-03-2024) വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തു. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുക്കാന്‍ റജിസ്‌ട്രിക്ക് നിര്‍ദേശവും നല്‍കി.
ഇലക്‌ടറൽ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ മാർച്ച് ആറ് വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഓരോ ഇലക്‌ടറൽ ബോണ്ടിനും പ്രത്യേകമായുള്ള യുണീക് ആല്‍ഫ ന്യൂമറിക് നമ്പറുകള്‍ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നില്ല. ഇത് പുറത്തുവന്നാല്‍ ഈ നമ്പറുകളിലുള്ള ബോണ്ടുകള്‍ ഏത് രാഷ്ട്രീയപാര്‍ട്ടി മാറിയെടുത്തുവെന്ന് കണ്ടെത്താനാകും. ഈ നമ്പറുകള്‍ വെളിപ്പെടുത്താത്തതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. എന്തുകൊണ്ടാണ് നമ്പറുകള്‍ നല്‍കാത്തതെന്ന് എസ്ബിഐയോട് ചോദിച്ച സുപ്രീംകോടതി, അഭിഭാഷകന്‍ എവിടെയെന്നും ആരാഞ്ഞു.
ബാങ്ക്, കേസില്‍ കക്ഷിയല്ലെന്നും നോട്ടിസയച്ചാല്‍ അവര്‍ ഹാജരാകുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ എസ്ബിഐയുടെ അഭിഭാഷകന്‍ ഇവിടെ വേണമായിരുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു (Supreme Court On Electoral Bond).