ജയ്‌പൂർ:ജയ്‌പൂർ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്‌ടറെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി സ്‌പൈസ്‌ജെറ്റ് ജീവനക്കാരിയുടെ അഭിഭാഷകൻ. വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ എയര്‍ലൈൻ ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നതായി അഭിഭാഷകൻ ദീപക് ചൗഹാൻ പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു ജീവനക്കാരി സിഐഎസ്എഫ് മര്‍ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ജയ്‌പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയ്‌ക്കിടെ സ്‌പൈസ്ജെറ്റ് ജീവനക്കാരി സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലുകയായിരുന്നു. ഇതിന് പിന്നാലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ ഗിരിരാജ് പ്രസാദിൻ്റെ പരാതിയെ തുടർന്ന് സ്‌പൈസ്ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സെക്യൂരിറ്റി സ്‌ക്രീനിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു തന്നെ ജീവനക്കാരി തല്ലിയതെന്നായിരുന്നു ഗിരിരാജിൻ്റെ ആരോപണം.