ബെംഗളൂരു:നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപാലം ഇന്നലെ (ജൂലൈ 17) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. റാഗിഗുഡ്ഡ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നിർമിച്ച 3.36 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡക്കർ ഫ്ലൈ ഓവറാണ് നിലവില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഫ്ലൈ ഓവറിലൂടെ നടന്നാണ് മേല്‍പാലം ഉദ്ഘാടനം ചെയ്‌തത്.
'ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്‌തത്. ലോകോത്തര നിലവാരത്തിലുള്ള ഈ ഡബിൾ ഡക്കർ മേൽപാലം ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ജനങ്ങള്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കുകയും ചെയ്യും' എന്ന് ഡി കെ ശിവകുമാർ പറഞ്ഞു. 449 കോടി രൂപ മുതല്‍ മുടക്കിയാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്.
റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഡബിൾ ഡക്കറിൻ്റെ ആദ്യ മേൽപാലം നിര്‍മിച്ചിരിക്കുന്നത്. എച്ച്എസ്ആർ ലേഔട്ടിലേക്കും ഹൊസൂർ ലേഔട്ടിലേക്കും ഈ മേൽപ്പാലം വഴി ഗതാഗത പ്രശ്‌നമില്ലാതെ വേഗത്തിൽ എത്തിച്ചേരാനാകും. 16 മീറ്ററാണ് മെട്രോയുടെ ഉയരം. മെട്രോ ട്രെയിനുകൾ ഓടുന്ന ആദ്യ റെയിൽ കം റോഡാണിത്. ഈ മേൽപ്പാലത്തിൻ്റെ മുകളിലെ ഡെക്കിലൂടെ മെട്രോയും താഴത്തെ ഡെക്കിലൂടെ വാഹനങ്ങളുമാണ് ഓടുക.
എന്തൊക്കെയാണ് നേട്ടങ്ങൾ?