ബെംഗളൂരു (കർണാടക) :മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 2144 പേജുള്ള കുറ്റപത്രം ആണ് സമർപ്പിച്ചത്. ലൈംഗികാതിക്രമ കേസിലും ബലാത്സംഗ കേസിലുമാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. പ്രജ്വല രേവണ്ണയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് ഇയാൾ അന്വേഷണം നേരിടുന്നത്.
കഴിഞ്ഞ ജൂണിൽ പുതിയ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തതോടെ ഇയാൾക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ലൈംഗികാതിക്രമത്തിന് പുറമെ ഭീഷണിപ്പെടുത്തൽ, രഹസ്യമായി വീഡിയോ റെക്കോർഡ് ചെയ്യൽ എന്നീ വകുപ്പുകൾ കൂടി ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
പ്രജ്വൽ രേവണ്ണയുടെ അതിക്രമത്തിനിരയായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു. ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ കൂടി മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ഇയാൾ ജർമനിയിലേക്ക് കടക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണയെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്‌തത്.
മെയ് 31 നായിരുന്നു അറസ്റ്റ്. ഇതിന് രണ്ട് ദിവസം മുൻപ് രണ്ട് പേരെ കൂടി ഈ കേസിൽ അറസ്‌റ്റ് ചെയ്‌തിരുന്നു. നവീൻ ഗൗഡ, ചേതൻ എന്നിവരാണ് അറസ്റ്റിലായത്. പ്രജ്വൽ രേവണ്ണ, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവുകൾ വിതരണം ചെയ്‌ത കുറ്റത്തിനാണ് ഇവർ അറസ്‌റ്റിലായത്. കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹാജരായപ്പോഴായിരുന്നു അറസ്‌റ്റ്.
Also Read:പോക്‌സോ കേസുകളില്‍ വര്‍ധന; 3 വര്‍ഷത്തിനിടെ ശിവമോഗയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 468 കേസുകള്‍; തീര്‍പ്പായത് 153 എണ്ണം മാത്രം