മൈസൂരു (കർണാടക): പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ കേസ് സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് നിയമപരമായ അന്വേഷണം നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കേസ് സിബിഐക്ക് വിടാൻ ഗവർണറോട് കുമാരസ്വാമി അഭ്യർഥിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
'എനിക്ക് ഞങ്ങളുടെ പൊലീസിൽ വിശ്വാസമുണ്ട്. പ്രജ്വൽ രേവണ്ണയുടെ കേസ് സിബിഐക്ക് വിടേണ്ട കാര്യമില്ല. ബിജെപി എപ്പോഴെങ്കിലും ഒരു കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടോ?. നേരത്തെ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് ഡികെ രവി കേസ്, ലോട്ടറി കേസ്, മന്ത്രി കെജെ ജോർജിനെതിരായ ആരോപണം, പരേഷ് മേസ്‌ത കേസ് എന്നിവ സിബിഐക്ക് വിട്ടിരുന്നു.
ഈ കേസുകളിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?. മുൻകാലങ്ങളിൽ ബിജെപി തന്നെ സിബിഐയെ അഴിമതി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നാണ് വിശേഷിപ്പിച്ചത്. സിബിഐ ചോർ ബച്ചാവോ സംഘടനയാണെന്ന് കുമാരസ്വാമിയും പറഞ്ഞിരുന്നു. അവർക്ക് ഇപ്പോൾ സിബിഐയിൽ വിശ്വാസമുണ്ടോ?. എനിക്ക് സിബിഐയിൽ വിശ്വാസമുണ്ട്, എന്നിരുന്നാലും ഞങ്ങളുടെ പൊലീസിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്"- സിദ്ധരാമയ്യ പറഞ്ഞു.
കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. "സർക്കാർ നിയമനടപടികളിലും അന്വേഷണത്തിലും ഇടപെടുന്നില്ല. പ്രത്യേക അന്വേഷണ സംഘം കാര്യങ്ങൾ ഉചിതമായി ചെയ്യുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ഞങ്ങൾ ഒരിക്കലും അവരോട് പറഞ്ഞിട്ടില്ല.
വിഷയത്തില്‍ അന്താരാഷ്‌ട്ര തലത്തിൽ ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ല. നമ്മുടെ പൊലീസിനെ നമ്മള്‍ വിശ്വസിക്കേണ്ടതുണ്ട്. എല്ലാ ക്രിമിനൽ കേസുകളും അന്വേഷിക്കുന്നത് നമ്മുടെ പൊലീസ് തന്നെയല്ലേ?. ഈ കേസില്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്" കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ കേസിൽ തനിക്കോ ഡികെ ശിവകുമാറിനോ പങ്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. രേവണ്ണയുടെ അറസ്റ്റിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണത്തിലും കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു. "അദ്ദേഹത്തിന് എതിരായ ആരോപണത്തില്‍ സത്യമില്ലെങ്കിൽ പിന്നെ എന്തിനാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. ആ ജാമ്യാപേക്ഷ തള്ളുകയല്ലെ ഉണ്ടായത്" എന്നായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകള്‍.
നേരത്തെ എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡി(എസ്) പ്രതിനിധി സംഘം കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ കണ്ട് കേസില്‍ നിക്ഷ്‌പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കുമാരസ്വാമിയുടെ പ്രതികരണം ഇങ്ങനെ...
Read More:ഫാം ഹൗസ് ജീവനക്കാരിയേയും പീഡിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും കേസ്
"ഈ കേസിൽ ഇതുവരെ നടന്ന എല്ലാ സംഭവവികാസങ്ങളും ഞങ്ങൾ ഗവർണർക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർഥിച്ചു. സംസ്ഥാന സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണ്. 2900-ലധികം ഇരകളുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാല്‍ അവർ എവിടെയാണ്?" - കുമാരസ്വാമി പറഞ്ഞു.