ന്യൂഡൽഹി:ഇവിഎമ്മിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്നുംഇലോൺ മസ്‌കിന്‍റെ വാക്കുകളെക്കാൾ തെരഞ്ഞെടുപ്പ് കമ്മിഷനെ വിശ്വസിക്കുന്നെന്നും ബിജെപി നേതാവ് ഷാസിയ ഇൽമി. ഇവിഎമ്മുകളുടെ സുതാര്യതയെ ചോദ്യം ചെയ്‌തുകൊണ്ട് രാഹുൽ ഗാന്ധി അവയെ 'ബ്ലാക്ക് ബോക്‌സ്' എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് പ്രതികരണവുമായി എത്തിയത്. ഇവിഎമ്മുകളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് വഴി രാഹുൽ ഗാന്ധി സ്വന്തം വിജയത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നതെന്നും ഷാസിയ ഇൽമി കുറ്റപ്പെടുത്തി.
ഇവിഎമ്മിൽ കൃത്രിമം കാണിക്കാൻ കഴിയില്ല. ഇൻ്റർനെറ്റ് വഴി അല്ല ഇവിഎം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. രാജ്യത്തെ പൗരനെന്ന നിലയിൽ ഞാൻ ആരെയെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് പരമോന്നത നീതിപീഠത്തെയും തെരഞ്ഞെടുപ്പ് കമ്മിഷനെയുമാണെന്നും ഷാസിയ ഇൽമി വ്യക്‌തമാക്കി.
കോൺഗ്രസിന് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സെഞ്ച്വറി നേടാനായില്ലെങ്കിലും അവർക്ക് വോട്ടുവിഹിതം മെച്ചപ്പെടുത്താനായിട്ടുണ്ട്. എന്നാൽ മസ്‌കിൻ്റെ പോസ്‌റ്റിനെ പിന്തുണയ്‌ക്കുന്നത് വഴി തന്‍റെ തെരഞ്ഞെടുപ്പ് വിജയത്തെ തന്നെയാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യുന്നതെന്ന് ഷാസിയ ഇൽമി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഇവിഎമ്മുകളെ 'ബ്ലാക്ക് ബോക്‌സ്' എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യലാണെന്നും ഷാസിയ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഇവിഎമ്മുകൾ 'ബ്ലാക്ക് ബോക്‌സ്' ആണെന്നും അത് പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും എക്‌സിൽ കുറിച്ചുകൊണ്ട് രാഹുൽ ഗാന്ധി മസ്‌കിനെ പിന്തുണച്ചിരുന്നു. ജനാധിപത്യം ഇരയാവുന്നതായും അവസാനിക്കുന്നതായും എംപി എക്‌സില്‍ കുറിച്ചിരുന്നു.
Also Read: ഇവിഎം ഹാക്കിങ് യുഎസില്‍ നടന്നേക്കാം, ഇന്ത്യയില്‍ നടപ്പില്ല; ഇലോൺ മസ്‌കിനെ തള്ളി രാജീവ് ചന്ദ്രശേഖർ