ജയ്‌പൂർ (രാജസ്ഥാൻ):പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ശശി തരൂർ. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടക്കുന്നത് 'ഞാൻ ഞാനാണ്' എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രധാനമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഞായറാഴ്‌ച സംസാരിച്ചത്. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ സംസാരിച്ചുക്കൊണ്ടായിരുന്നു മോദിക്കെതിരെ തരൂർ വിമർശനമുന്നയിച്ചത് (Shashi Tharoor Hits out at PM Modi).
ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നിങ്ങൾ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും (സിബിഐ) റബ്ബർ സ്‌റ്റാമ്പുകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നേരത്തെ 80 ശതമാനം ബില്ലുകളും പാർലമെന്‍ററി കമ്മറ്റിയിലേക്ക് പോയിരുന്നു. എന്നാൽ 2014 ന് ശേഷം 16 ശതമാനം മാത്രമാണ് പോകാൻ തുടങ്ങിയത്. സർക്കാരിന്‍റെ രണ്ടാം ഭരണകാലത്ത് അത് ഇതിലും കുറഞ്ഞു എന്നും കേന്ദ്രമന്ത്രി കൂടിയായ തരൂർ അവകാശപ്പെട്ടു.
ജെഎൽഎഫിന്‍റെ ചാർബാഗിൽ നടന്ന സെഷനിൽ ശശി തരൂരിനൊപ്പം ഇന്ദർജിത് റായി പങ്കെടുക്കുകയും മാധ്യമപ്രവർത്തക നിധി റസ്‌ദാൻ ഇരുവരുമായി സംസാരിച്ചു. ജനാധിപത്യം ശരിയായി നടപ്പാക്കാൻ മുൻ സർക്കാരുകൾ കഠിനാധ്വാനം ചെയ്‌തിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.