ന്യൂഡൽഹി : ജൂൺ നാലിന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരുടെ നഷ്‌ടവും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരിനും മാർക്കറ്റ് റെഗുലേറ്ററിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. നൽകിയ നിർദേശങ്ങളുടെ സ്‌റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും സ്റ്റോക്ക് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോടും നിർദേശം നൽകണമെന്നും അഭിഭാഷകനായ വിശാൽ തിവാരിയുടെ ഹർജിയിൽ ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ ജസ്‌റ്റിസ് എ എം സാപ്രെ അധ്യക്ഷനായ വിദഗ്‌ധ സമിതിയുടെ നിർദേശം ജനുവരി 3ന് പരിഗണിക്കും. അദാനി-ഹിൻഡൻബർഗ് കേസിന് ശേഷം ഒന്നും മാറിയിട്ടില്ല എന്ന് അടുത്തിടെ ഉണ്ടായ സ്‌റ്റോക്ക് മാർക്കറ്റിലെ ഇടിവും റിപ്പോർട്ട് ചെയ്യപ്പെട്ട കോടികളുടെ നഷ്‌ടവും എടുത്തുകാണിക്കുന്നു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അടുത്തിടെ ഷെയർ മാർക്കറ്റിൽ മറ്റൊരു വലിയ തകർച്ചയുണ്ടായി. ഓഹരി വിപണിയിലെ ചാഞ്ചാട്ടം വീണ്ടും ഉയർന്നു. ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം 20 ലക്ഷം കോടിയുടെ നഷ്‌ടം കണക്കാക്കുന്നു എന്ന് ഹർജിയിൽ പറയുന്നു. ഓഹരി വിപണിയിലെ തകർച്ച സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്‍റെ നിയന്ത്രണ സംവിധാനത്തെ ചോദ്യം ചെയ്യുന്നതായി ഹർജിയിൽ വാദിച്ചു.