അഹമ്മദാബാദ്:മൂന്നാം വട്ടം അധികാരത്തില്‍ വന്നാല്‍ ബിജെപി പിന്നാക്കക്കാര്‍ക്കുള്ള സംവരണം എടുത്ത് കളയുമെന്ന കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി അധികാരത്തില്‍ തുടരുന്നിടത്തോളം കാലം പട്ടികജാതി പട്ടികവര്‍ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ ഒരു പുനരാലോചനയും ഉണ്ടാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പത്ത് വര്‍ഷമായി ബിജെപി രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നു. രണ്ട് തവണയും കേവലഭൂരിപക്ഷം നേടിയാണ് തങ്ങള്‍ അധികാരത്തിലെത്തിയത്. സംവരണം എടുത്ത് കളയണമെന്ന ആഗ്രഹം തങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ അത് എന്നേ നടപ്പാക്കാനാകുമായിരുന്നുവെന്നും ഷാ പറഞ്ഞു. നുണപ്രചരണമല്ലാതെ മറ്റൊന്നുമല്ല രാഹുല്‍ നടത്തുന്നത്. സംവരണം എടുത്ത് കളയാന്‍ ആരും ധൈര്യപ്പെടില്ലെന്ന് രാജ്യത്തെ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും പട്ടികവര്‍ഗ സഹോദരങ്ങള്‍ക്കും പ്രധാനമന്ത്രി മോദി നേരത്തെ തന്നെ ഉറപ്പ് നല്‍കിയിട്ടുളളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം മുസ്‌ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം നല്‍കി. ആരുടെ വിഹിതത്തില്‍ നിന്നാണ് ഈ നാല് ശതമാനം ചോര്‍ത്തപ്പെട്ടതെന്നും അമിത് ഷാ ചോദിച്ചു. ഇതേ കളിയാണ് തെലങ്കാനയില്‍ അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അവിടെ അഞ്ച് ശതമാനം സംവരണമാണ് മുസ്‌ലിങ്ങള്‍ക്ക് നല്‍കിയത്. പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനെ കോണ്‍ഗ്രസ് എന്നും എതിര്‍ക്കുന്നു. പട്ടികവര്‍ഗക്കാര്‍ക്ക് നീതി നല്‍കാന്‍ യാതൊരു നടപടിയും കോണ്‍ഗ്രസ് ഒരിക്കലും കൈക്കൊണ്ടിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.