മേദിനിപൂർ:പശ്ചിമ ബംഗാളിലെ മേദിനിപൂർ മെഡിക്കൽ കോളജിൽ കാലാവധി കഴിഞ്ഞ സലൈന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് ഗർഭിണി മരിച്ച സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഡോക്‌ടർമാർക്ക് സസ്‌പെന്‍ഷന്‍. മേദിനിപൂർ മെഡിക്കൽ കോളജ് സൂപ്രണ്ടും ആറ് അധ്യാപകരും ഉൾപ്പെടെ 12 ഡോക്‌ടർമാർക്കെതിരെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയധികം ഡോക്‌ടർമാർക്കെതിരെ കൂട്ട നടപടിക്ക് ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ എഫ്ഐആറും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച (ജനുവരി 15) ആണ് സംഭവം. ആശുപത്രിയില്‍ നിന്ന് സലൈൻ നൽകിയ അഞ്ച് ഗർഭിണികൾ രോഗബാധിതരായി വീഴുകയായിരുന്നു. ഇതില്‍ ഒരാൾ പിന്നീട് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് സ്‌ത്രീകളെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റി. ഡേറ്റ് കഴിഞ്ഞ സലൈന്‍ ആണ് ആശുപത്രിയില്‍ നിന്ന് നല്‍കിയത് എന്ന കുടുംബത്തിന്‍റെ ആരോപണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.