കേരളം

kerala

ETV Bharat / bharat

മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്‌ നരിമാന്‍ അന്തരിച്ചു - Senior Advocate Fali S Nariman

മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Fali S Nariman Passed Away  ഫാലി എസ്‌ നരിമാന്‍ അന്തരിച്ചു  ഫാലി എസ്‌ നരിമാന്‍  Senior Advocate Fali S Nariman  ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ
Eminent Jurist Fali S Nariman Passes Away

By ETV Bharat Kerala Team

Published : Feb 21, 2024, 9:18 AM IST

Updated : Feb 21, 2024, 10:22 AM IST

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്‌ നരിമാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ഫെബ്രുവരി 21) പുലര്‍ച്ചെ 1.30 ഓടെ ഡല്‍ഹിയില്‍വച്ചായിരുന്നു മരണം. 95 വയസായിരുന്നു. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായിരുന്നു. 1972 മെയ്‌ മുതല്‍ 1975 ജൂണ്‍ വരെ അഡിഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്‍റെ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫാലി എസ്‌ നരിമാന്‍ സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു (Fali S Nariman Passes Away).

കൂടാതെ ഇന്‍റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ ഇന്‍റേണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്‍റര്‍നാഷണല്‍ കമ്മിഷന്‍ ഏഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ അംഗം എന്നീ നിലകളിലും നരിമാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏറെ പ്രശസ്‌തമായ എൻജെഎസി കേസ് ഉള്‍പ്പടെ വാദിച്ചിട്ടുണ്ട്. ഭോപ്പാല്‍ വിഷവാതക ദുരന്ത കേസില്‍ യൂണിയന്‍ കാര്‍ബേഡിന് അനുകൂലമായി അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ അത് തെറ്റായ തിരുമാനമായിരുന്നുവെന്ന് പില്‍ക്കാലത്ത് അദ്ദേഹം സമ്മതിച്ചു. സുപ്രീംകോടതി എഒആര്‍ അസോസിയേഷന്‍ കേസ്, എസ്‌പി ഗുപ്‌ത കേസ്, ഗോളക്‌നാഥ് കേസ്, ടിഎംഎ പൈ ഫൗണ്ടേഷന്‍ കേസ് തുടങ്ങി നിരവധി പ്രധാന കേസുകളില്‍ ഹാജരായി (Eminent Jurist Fali S Nariman).

കശ്‌മീരിന്‍റെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിഷയത്തിലെ വിധിയെ നരിമാന്‍ വിമര്‍ശിച്ചിരുന്നു. ഫാലി എസ് നരിമാന്‍റെ ആത്മകഥയായ 'ബിഫോര്‍ മെമ്മറി ഫെയ്‌ഡ്‌സ്' എന്ന പുസ്‌തകം ഏറെ പ്രശസ്‌തമാണ്. നിയമ വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കും ഏറെ പ്രചോദനമേകുന്നതാണ് ബിഫോര്‍ മെമ്മറി ഫെയ്‌ഡ്‌സ്. 'ദ സ്റ്റേറ്റ് ഓഫ് നാഷന്‍','ഗോഡ്‌ സേവ് ദ ഹോണറിബിള്‍ സുപ്രീംകോര്‍ട്ട്' എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പുസ്‌തകങ്ങള്‍. 'ഞാന്‍ മതേതര ഇന്ത്യയില്‍ ജീവിക്കുകയും വളരുകയും ചെയ്‌തു. ദൈവം അനുഗ്രഹിച്ചാല്‍ സമയമെത്തുമ്പോള്‍ മതേതര ഇന്ത്യയില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്നു'വെന്ന് അദ്ദേഹം ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാതാവായ ദൊറാബ്‌ജി കോണ്‍ട്രാക്‌ടറുടെ കൊച്ചുമകള്‍ ബാപ്‌സിയാണ് നരിമാന്‍റെ ഭാര്യ. അഭിഭാഷകനും സുപ്രീംകോടതി ജഡ്‌ജിയുമായിരുന്ന റോഹിണ്‍ടണ്‍ നരിമാന്‍ മകനാണ്. പ്രശസ്‌ത സ്‌പീച്ച് തെറാപ്പിസ്റ്റായ അനഹീതയാണ് മകള്‍.

Last Updated : Feb 21, 2024, 10:22 AM IST

ABOUT THE AUTHOR

...view details