ന്യൂഡല്‍ഹി: തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. സംസ്ഥാനത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാള്‍ അറസ്റ്റിലായത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങിയ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. തന്‍റേത് അനധികൃത അറസ്റ്റാണെന്ന് കെജ്‌രിവാള്‍ നേരത്തെ പരമോന്നത കോടതിയെ ബോധിപ്പിച്ചിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് ഇത്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പിനെയും ഫെഡറലിസത്തെയും എല്ലാം ഇത് ചോദ്യം ചെയ്യുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്‍റെ അറസ്റ്റ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമായിരുന്നു അറസ്റ്റെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെയും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തെയും എങ്ങനെ ദുരുപയോഗം ചെയ്‌തു എന്നതിന് ഉത്തമ ഉദാഹരണമാണ് തന്‍റെ അറസ്റ്റെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.
ഇഡി അനധികൃതമായി ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ ഒരു പ്രധാന പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ വ്യക്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്‌തു. തന്‍റെ അനധികൃത അറസ്റ്റിലൂടെ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്‌ചകള്‍ വരുത്തിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
Also Read:ഇന്‍സുലിന്‍ നിഷേധിച്ച് കെജ്‌രിവാളിനെ മരണത്തിലേക്ക് തള്ളി വിടുന്നു; ആരോപണവുമായി എഎപി
മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. നിലവില്‍ അദ്ദേഹം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കെജ്‌രിവാളിന്‍റെ ഹര്‍ജിയില്‍ ഈ മാസം പതിനഞ്ചിന് കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരമോന്നത കോടതി ഇഡിക്ക് നോട്ടീസ് നല്‍കിയിരുന്നു.
കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമവിധേയമാണെന്ന ഹൈക്കോടതി ഈമാസം ഒന്‍പതിന് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. ആവര്‍ത്തിച്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും കെജ്‌രിവാള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഇഡിക്ക് മറ്റ് വഴികളില്ലായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.