ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് ചട്ടലംഘനമാകും വിധമുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്‌ത് ബിജെപി സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. നേരത്തെ സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്‌ത് ബിജെപി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിനെ തന്നെ സമീപിച്ച് വിധി പുനപ്പരിശോധിക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.
ഇതിനെതിരെയാണ് ബിജെപി സുപ്രീം കോടതിയിലെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിജെപി വിട്ടു നില്‍ക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഹര്‍ജിയില്‍ എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി എതിരാളികള്‍ ശത്രുക്കളല്ലെന്നും ബിജെപി അഭിഭാഷകനോട് പറഞ്ഞു. തങ്ങള്‍ക്ക് അവിവേകമൊന്നും കാട്ടാന്‍ ഉദ്ദേശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും കെവി വിശ്വനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ബിജെപിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിഎസ് പട്‌വാലിയയോട് പറഞ്ഞു. ഇത് വോട്ടര്‍മാരുടെ താത്പര്യമല്ലെന്നും ജസ്റ്റിസ് വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി.