ന്യൂഡൽഹി : ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടിസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്റ്റിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിലാണ് ഇന്ന് നോട്ടിസ് അയച്ചത്.
ഹർജി ഏപ്രിൽ 29ന് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇതിന് മുന്‍പ് ഇഡി മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് ആണ് നോട്ടിസ് അയച്ചത്. പ്രതിഭാഗം അഭിഭാഷകനായ എ എം സിംഗ്വിയും ഇഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീം കോടതിയിൽ ഹാജരായി.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആരംഭിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഹർജി എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് സിംഗ്വി പറഞ്ഞു. അതേസമയം ഇഡിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ കെജ്‌രിവാളിൻ്റെ ഇടക്കാല മോചനത്തിനുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് നേട്ടമുണ്ടാക്കുന്നതാണ് തന്‍റെ അറസ്‌റ്റെന്നും ഭരണഘടനയുടെ സുപ്രധാന ഘടകങ്ങളായ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, ഫെഡറലിസം എന്നിവയിവയ്‌ക്ക് എതിരാണിതെന്നും ഹർജിയിൽ പറയുന്നു. ഈ നടപടി ജനാധിപത്യത്തിന് മേലുള്ള ആക്രമണം ആണെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. തന്‍റെ നിയമവിരുദ്ധമായ അറസ്റ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെക്കുറിച്ച് മുൻവിധി ഉണ്ടാക്കിയതായും ഹർജിയിൽ പറയുന്നു.
മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാള്‍ ഇപ്പോൾ തിഹാർ ജയിലിലാണ്. അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡിയോട് സുപ്രീം കോടതി പ്രതികരണം തേടിയിട്ടുണ്ട്.
Also Read: നിയമനം നിയമവിരുദ്ധവും അസാധുവും; കെജ്‌രിവാളിന്‍റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ പുറത്താക്കി