ന്യൂഡൽഹി :ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മദ്യനയ അഴിമതിക്കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണം നിഷ്‌പക്ഷമായിരിക്കണമെന്നും അന്വേഷണ ഏജൻസി അനീതി കാണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസില്‍ അടുത്ത കാലത്ത് വിചാരണ ആരംഭിക്കാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി കവിത കസ്റ്റഡിയില്‍ കഴിയുകയാണ്. മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചതും ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിൽ അന്വേഷണം പൂർത്തിയായെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കവിതയ്ക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സിബിഐ, ഇഡി കേസുകളിൽ കവിതയെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.