ലഖ്‌നൗ:ഉത്തർപ്രദേശിലെ സംഭാൽ സംഘര്‍ഷത്തില്‍ ദേശിയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സഹായം തേടാനൊരുങ്ങി പൊലീസ്. സംഭാലില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ പാക്കിസ്ഥാൻ, യുഎസ് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് എൻഐഎയുടെ സഹായം തേടുന്നത്.
സംഭാൽ സംഘര്‍ഷത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പാകിസ്ഥാൻ ഓർഡിനൻസ് ഫാക്‌ടറി മെയ്‌ഡ് ഇൻ യുഎസ്എ എന്നടയാളപ്പെടുത്തിയ വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തില്‍ തുടരന്വേഷണത്തിനായി എൻഐഎയുടെ സഹായം തേടുമെന്നും പൊലീസ് സൂപ്രണ്ട് (എസ്‌പി) കൃഷ്‌ണ കുമാർ ബിഷ്ണോയ് ഇടിവി ഭാരതിനോട് പറഞ്ഞു.
മുൻപും മറ്റ് കേസുകളുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിട്ടുണ്ട്. വിദേശ നിർമ്മിത വെടിയുണ്ടകളും ഇതിന് പുറമെ രണ്ട് 12-ബോർ ഷെല്ലുകളും രണ്ട് 32-ബോർ വെടിയുണ്ടകളും കണ്ടെടുത്ത സാഹചര്യത്തില്‍ സംഭാലിൽ എൻഐഎയുടെ സഹായം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം ഫോറൻസിക്, ഇൻ്റലിജൻസ്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവര്‍ സംയുക്തമായാണ് രാവിലെ 8:30 ഓടെ തെരച്ചില്‍ ആരംഭിച്ചത്. നവംബർ 24നാണ് സംഭാൽ സംഘര്‍ഷമുണ്ടായത്. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതായും എസ്‌പി ബിഷ്ണോയ് പറഞ്ഞു.
നവംബര്‍ 24ന് ആണ് ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ കല്ലേറുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധത്തില്‍ പരിക്കേറ്റു.
സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ് ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് ഹർജി സമർപ്പിച്ചത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുകയായിരുന്നു.
നവംബർ 19ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു. രണ്ടാം സര്‍വേയ്ക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഭവം അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തില്‍ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാനം നിയോഗിച്ചിട്ടുണ്ട്.
Read More: സംഭാൽ മസ്‌ജിദ് സർവേ സംഘർഷം; അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപിച്ച് ഗവർണർ