ന്യൂഡൽഹി :ഇന്ത്യൻ നാവികസേനയിലെ രണ്ട് വനിത ഓഫിസർമാര്‍ ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. ലഫ്റ്റനൻ്റ് കമാൻഡർ രൂപ എയും ലഫ്റ്റനൻ്റ് കമാൻഡർ ദിൽന കെയുമാണ് 'സാഗർ പരിക്രമ' പര്യവേശഷണത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഈ പര്യവേഷണ പദ്ധതിയ്‌ക്ക് വേണ്ടി തയ്യാറെടുക്കുകയാണെന്ന് ഇന്ത്യൻ നാവികസേന ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 15) അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ (ഐഎൻഎസ്‌വി) തരിണി കപ്പലിലായിരിക്കും പര്യവേഷണം നടത്തുക. പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഒരു ലോഗോയും നാവികസേന പുറത്തിറക്കി. ലോഗോയുടെ മധ്യഭാഗത്തുള്ള അഷ്‌ടഭുജാകൃതിയിലുള്ള രൂപം ഇന്ത്യൻ നാവികസേനയേയും, സൂര്യൻ ആകാശത്തെയും വെല്ലുവിളി നിറഞ്ഞ യാത്രയില്‍ വഴികാട്ടുന്ന കോമ്പസിനെയും പ്രതിനിധീകരിക്കുന്നതായും നാവികസേന പറഞ്ഞു.
കഴിഞ്ഞ വർഷം ഗോവയിൽ നിന്ന് കേപ്‌ടൗൺ വഴി റിയോ ഡി ജനീറോയിലേക്കുള്ള ട്രാൻസ്-ഓഷ്യാനിക് പര്യവേഷണത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിനുശേഷം, ഗോവയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കും തിരിച്ചും ഡബിൾ ഹാൻഡഡ് മോഡിൽ കപ്പലോട്ട പര്യവേഷണം നടത്തി. കൂടാതെ, ഈ വർഷം ആദ്യം ഇരുവരും ഗോവയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്ക് വീണ്ടും ഡ്യുവല്‍ ഹാന്‍ഡഡ് യാത്ര വിജയകരമായി പൂര്‍ത്തിയാക്കി.
കഠിനമേറിയ യാത്ര
'സാഗർ പരിക്രമ' വളരെയധികം കഠിനമായ യാത്രയായിരിക്കും. നല്ല നൈപുണ്യവും ശാരീരിക ക്ഷമതയും മാനസിക ഉണർവും യാത്രയ്‌ക്ക് ആവശ്യമാണെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. ഏസ് സർക്കംനാവിഗേറ്ററും ഗോൾഡൻ ഗ്ലോബ് റേസ് ഹീറോയുമായ അഭിലാഷ് ടോമിയുടെ കീഴില്‍ ഇരുവരും പരിശീലനം നേടിയിട്ടുണ്ടെന്നും വിവേക് മാധ്വാള്‍ പറഞ്ഞു.
ഐഎൻഎസ്‌വി തരിണിയുടെ യാത്ര ഇന്ത്യയുടെ നാവിക ഉദ്യമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്‌പായിരിക്കും. സമുദ്ര ദൗത്യങ്ങളിലെ രാജ്യത്തിൻ്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും സമുദ്ര പര്യവേഷണങ്ങളില്‍ ലിംഗസമത്വം കൊണ്ടുവരുന്നതിനുളള രാജ്യത്തിന്‍റെ പ്രാമുഖ്യവും 'സാഗർ പരിക്രമ' ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുമെന്നും നാവികസേന വാക്താവ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും