കേരളം

kerala

ETV Bharat / bharat

ഇന്ത്യ -പാക് ബന്ധത്തെക്കുറിച്ച് സംസാരിക്കാനല്ല അവിടേക്ക് പോകുന്നത്; താന്‍ മര്യാദയുള്ള പൗരനെന്നും എസ് ജയശങ്കര്‍ - JAISHANKAR ON ISLAMABAD VISIT

താന്‍ മര്യാദയുള്ള പൗരനെന്നും അത് പാലിക്കുമെന്നും വിദേശകാര്യമന്ത്രി.

SCO Summit  S Jayasankar  Islamabad  External affairs Minister
S.Jaishankar, External Affairs Minister (X/MEA)

By ETV Bharat Kerala Team

Published : Oct 5, 2024, 4:11 PM IST

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായല്ല തന്‍റെ പാക് സന്ദര്‍ശനമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഷങ്‌ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് താന്‍ ഇസ്ലാമാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഐസി സെന്‍റര്‍ സംഘടിപ്പിച്ച സര്‍ദാര്‍ പട്ടേല്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷങ്ഹായ് കോര്‍പ്പറേഷനിലെ ഒരു അംഗമെന്ന നിലയിലാണ് തന്‍റെ പാക് സന്ദര്‍ശനം. ഈ മാസം മധ്യത്തില്‍ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങനെ ആയതിനാല്‍ തന്‍റെ പാക് സന്ദര്‍ശനത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ താത്പര്യമുണ്ടാകും. ഇക്കാര്യം നമുക്ക് പരിഗണിക്കാം.

എന്നാലിപ്പോള്‍ അവിടേക്ക് പോകുന്നത് ഒരു ബഹുരാഷ്‌ട്ര പരിപാടിക്ക് വേണ്ടിയാണ്. അവിടെ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയാകില്ല. മര്യാദയുള്ള ഒരു പൗരനായതിനാല്‍ അതനുസരിച്ച് താന്‍ അവിടെ പെരുമാറുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനും അടുത്തിടെ ഷങ്‌ഹായ് കോര്‍പ്പറേഷനില്‍ അംഗമായിരുന്നു. അതിനാലാണ് അവിടെ വച്ച് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി പ്രധാനമന്ത്രിയാണ് ഇത്തരം ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഷങ്ഹായ് ഉച്ചകോടിയില്‍ എസ് ജയശങ്കര്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം പതിനഞ്ചിനും പതിനാറിനുമാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് പാകിസ്ഥാനില്‍ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഇന്ത്യയ്ക്ക് ലഭിച്ചത്.

2023 മെയില്‍ ഇന്ത്യയില്‍ നടന്ന ഉച്ചകോടിയില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തിരുന്നു. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

2001 ജൂണ്‍ പതിനഞ്ചിനാണ് ഷങ്ഹായ് കോര്‍പ്പറേഷന് രൂപം നല്‍കിയത്. കസാക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. നിലവില്‍ സംഘടനയില്‍ ഒന്‍പത് അംഗങ്ങളുണ്ട്. ഇന്ത്യ, ഇറാന്‍, കസാക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവയാണവ. അഫ്‌ഗാനിസ്ഥാന്‍, മംഗോളിയ, ബെലാറസ് എന്നീ മൂന്ന് നിരീക്ഷക രാജ്യങ്ങളുമുണ്ട്.

2022ലെ സാമര്‍ഖണ്ഡ് ഉച്ചകോടി മുതല്‍ ബെലാറസിന് അംഗത്വം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അസെര്‍ബെയ്‌ജാന്‍, അര്‍മേനിയ, ബഹ്‌റൈന്‍,ഈജിപ്‌ത്, കമ്പോഡിയ, ഖത്തര്‍, കുവൈറ്റ്, മാലിദ്വീപുകള്‍, മ്യാന്‍മര്‍, നേപ്പാള്‍, യുഎഇ, സൗദി അറേബ്യ, തുര്‍ക്കി,ശ്രീലങ്ക തുടങ്ങിയ പതിനാല് ചര്‍ച്ച പങ്കാളികളും ഷങ്ഹായ് കോര്‍പ്പറേഷനുണ്ട്.

Also Read:"എന്താണ് ജനാധിപത്യം?"; അമേരിക്കയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി

ABOUT THE AUTHOR

...view details