നാഗ്പൂര്‍:മണിപ്പൂരില്‍ എത്രയും വേഗത്തില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) മേധാവി മോഹന്‍ ഭഗവത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് എല്ലാവരും മണിപ്പൂരിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രേഷിംബാഗില്‍ സംഘടിപ്പിച്ച 'കാര്യകർത്താ വികാസ് വർഗ്- ദ്വിതീയ' സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
രാജ്യത്തെ മുഴുവന്‍ സമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണം. ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും ഭഗവത് ഊന്നി പറഞ്ഞു.
10 വര്‍ഷം മുമ്പ് മണിപ്പൂര്‍ ശാന്തമായിരുന്നു: സംസ്ഥാനത്ത് 10 വര്‍ഷം മുമ്പ് സമാധാനപരമായ അന്തരീക്ഷമായിരുന്നു. എന്നാല്‍ പിന്നീട് സമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണ് മണിപ്പൂരെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ നിലവിലെ സാഹചര്യം മുന്‍ഗണനയോടെ പരിഗണിക്കേണ്ടതുണ്ട്. മണിപ്പൂര്‍ ഇപ്പോള്‍ കത്തുകയാണ്. അവിടുത്തെ ജനങ്ങള്‍ അതിന്റെ കടുത്ത ചൂടിനെ അഭിമുഖീകരിക്കുകയാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മണിപ്പൂരില്‍ മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങളുടെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും 200 ലധികം പേര് കൊല്ലപ്പെട്ടു. അതേസമയം വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അഗ്നിക്കിരയായി. ഇതോടെ നിരവധി പേര് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിരിബാമില്‍ ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.