ലഖ്‌നൗ (ഉത്തര്‍പ്രദേശ്): ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായ അമേഠിയില്‍ മത്‌സരിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രംഗത്ത്. ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
താന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എഎന്‍ഐയ്ക്ക് നല്‍കിയ പ്രസ്‌താവനയില്‍ 55 കാരനായ വാദ്ര പറഞ്ഞു. തനിക്ക് ഒരു അവസരം ലഭിക്കുകയാണെങ്കില്‍ അമേഠിയിലെ ജനങ്ങള്‍ക്കിടയിലേക്ക് പോയി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വാദ്ര വ്യക്തമാക്കി. താന്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ആദ്യമായി അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് 1999ലാണെന്നും മൊറാദാബാദ് സ്വദേശിയായ വാദ്ര കൂട്ടിച്ചേര്‍ത്തു.
നിലവിലെ എംപിയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി കാരണം അമേഠിയിലെ ജനത കുഴങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ താന്‍ അമേഠി, റായ്ബറേലി, ജഗദീഷ്‌പൂര്‍, സുല്‍ത്താന്‍പൂര്‍ മേഖലകളില്‍ നിരന്തരം സജീവമായുണ്ട്. ആഘോഷവേളകളിലും തന്‍റെ പിറന്നാളിനും ജനങ്ങള്‍ തന്നെ നേരില്‍ വിളിച്ച് ആശംസകള്‍ അറിയിക്കാറുണ്ട്. ആളുകളുടെ ആഗ്രഹത്തിന്‍റെ പുറത്ത് താന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങി. എംപിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ അമേഠിയെ മാത്രമാകും താന്‍ പ്രതിനിധീകരിക്കുക എന്നും വാദ്ര കൂട്ടിച്ചേര്‍ത്തു.