കേരളം

kerala

ETV Bharat / bharat

കൊല്‍ക്കത്ത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനും ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം - RG Kar Doctor Murder Updates - RG KAR DOCTOR MURDER UPDATES

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മൂന്ന് ഉന്നതര്‍ക്ക് സ്ഥാനചലനം. നടപടി പ്രതിഷേധം കടുത്തതോടെ.

NEW PRINCIPAL 2 OFFICIALS TRANSFER  DOCTOR RAPE AND MURDER  ആര്‍ജി കര്‍ ദുരന്തം  സുഹൃദ പാല്‍
RG Kar tragedy: New Principal, two other officials transferred (ETV Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 10:54 AM IST

കൊല്‍ക്കത്ത :യുവ വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കഴിഞ്ഞ രാത്രിയില്‍ ഏറെ വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ പ്രിന്‍സിപ്പാളും വൈസ്‌ പ്രിന്‍സിപ്പാളും അടക്കമുള്ളവര്‍ക്കാണ് മാറ്റം.

പുതുതായി നിയമിച്ച പ്രിന്‍സിപ്പാള്‍ സുഹൃദ പാല്‍, പുതിയ മെഡിക്കല്‍ സൂപ്രണ്ടും വൈസ് പ്രിന്‍സിപ്പാളുമായ ബുള്‍ബുള്‍ മുഖോപാധ്യായ, നെഞ്ച് രോഗ വിഭാഗം മേധാവി ഡോ.അരുണവ ദത്ത ചൗധരി എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്‌ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും മൊത്തം വൈദ്യസമൂഹത്തിന്‍റെയും ആവശ്യ പ്രകാരമാണ് മാറ്റം എന്നാണ് സംസ്ഥാന ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗമിന്‍റെ വിശദീകരണം.

ഈ മാറ്റങ്ങളിലൂടെ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ പഴയ പടി പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആര്‍ജി കറിലെ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെ കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളായി നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞതായും നിഗം അറിയിച്ചു.

നേരത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വദേശി ഭവന് മുന്നില്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാരുടെ പ്രതിനിധികള്‍ വകുപ്പ് അധികൃതര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ പട്ടിക സമര്‍പ്പിക്കുകയും ചെയ്‌തു. ഘോഷിന്‍റെ നിയമനം പിന്‍വലിക്കണമെന്നും പാലിനെ നീക്കം ചെയ്യണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരുന്നത്.

അതേസമയം അധികൃതരുമായുള്ള കൂടിക്കാഴ്‌ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചില്ലെന്നും അത് കൊണ്ട് തന്നെ സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണെന്നും അവര്‍ വ്യക്തമാക്കി. സമ്മര്‍ദം കടുത്തതോടെ സര്‍ക്കാര്‍ ഇവരെ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കൊല്‍ക്കത്തയില്‍ വനിത ഡോക്‌ടറുടെ ബലാംത്സംഗ കൊലപാതകത്തില്‍ സ്വമേധയായെടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സിബിഐയോടും, ആശുപത്രി തല്ലിതകര്‍ത്ത സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിരുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഡോക്‌ടര്‍മാരുടെ സുരക്ഷക്കായി കോടതി ദേശീയ തലത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് പിജി ട്രെയിനി ഡോക്‌ടറുടെ മൃതദേഹം ആർജി കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.

Also Read:കൊല്‍ക്കത്തയിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊല; സുപ്രീം കോടതി സ്വമേധയായെടുത്ത കേസ് നിർണായകം, ഇന്ന് പരിഗണിക്കും

ABOUT THE AUTHOR

...view details