ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയെ ഉപമുഖ്യമന്ത്രിയായും ഡല്‍ഹി സ്‌പീക്കറായി വിജേന്ദ്ര ഗുപ്‌തയെയും തീരുമാനിച്ചു. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നും 29,595 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്‌ത തെരഞ്ഞെടുപ്പില്‍ തന്‍റെ സീറ്റുറപ്പിച്ചത്. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്‍റാണ് രേഖ ഗുപ്‌ത.
ഇന്ന് (ഫെബ്രുവരി 19) വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രേഖ ഗുപ്‌തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. യോഗത്തിന് മുന്നോടിയായി ബിജെപിയുടെ കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തില്‍ മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ പ്രഖ്യാപിച്ചത്.
ആപ്പിന്‍റെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് രേഖ ഗുപ്‌ത തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 29,595 വോട്ടുകള്‍ക്കാണ് ഷാലിമാര്‍ ബാഗില്‍ നിന്നുള്ള രേഖയുടെ വിജയം. നിലവില്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും ഡല്‍ഹി ഘടകത്തിന്‍റെ ജനറല്‍ സെക്രട്ടറിയുമാണ് രേഖ ഗുപ്‌ത.